ഇന്നലെ രാത്രിയിലും പൂജ; കല്ലറ പൊളിച്ചപ്പോൾ പുറത്തിറങ്ങാതെ ഭാര്യയും മക്കളും; നെയ്യാറ്റിൻകര ഗോപൻ്റെ ദുരൂഹ സമാധി തുറന്നപ്പോൾ കണ്ടത്…

നെയ്യാറ്റിൻകരയിൽ സമാധിയായി എന്ന് വീട്ടുകാർ അവകാശപ്പെടുന്ന മണിയൻ എന്ന ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. ഗോപൻ്റെ മരണകാരണം കണ്ടെത്താനാണ് പരിശോധന. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കല്ലറയില്‍ നിറയെ പൂജാദ്രവ്യങ്ങള്‍ നിറച്ചനിലയിലാണ്. ഇന്നലെ രാത്രിയും മൂത്ത മകൻ ഇവിടെ പൂജ നടത്തിയിരുന്നു. മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. കല്ലറയില്‍ മണ്ണിന് പകരം കര്‍പ്പൂരം, കളഭം, ചന്ദനം എന്നിവയടങ്ങിയ പൂജാദ്രവ്യങ്ങളാണ് നിറച്ചിരുന്നത്. മൃതദേഹത്തിൻ്റെ നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും നിറച്ച നിലയിലായിരുന്നു. മുമ്പ് മക്കൾ പോലീസിന് മൊഴി നൽകിയിരുന്നതിലും ഇത് സൂചിപ്പിച്ചിരുന്നു.

”ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി. പിന്നീട് മുഖത്തും ശിരസിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി. പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി” – എന്നായിരുന്നു മക്കളുടെ മൊഴി.

കല്ലറ തുറക്കാൻ ശ്രമിച്ചാൽ തടയുമെന്ന് പറഞ്ഞിരുന്ന ഗോപന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി ആംബുലൻസ് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ന് പുലർച്ചെ തന്നെ കല്ലറ പൊളിച്ച്​ പരിശോധന നടത്താൻ ജില്ല ഭരണകൂടം നീക്കങ്ങൾ നടത്തുകയായിരുന്നു. രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡിൻ്റെ നേതൃത്വത്തിലാണ് കല്ലറ തുറന്നത്. വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദുരൂഹ സമാധി തുറന്നത്. അയൽവാസിയായ വിശ്വംബരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പോലീസ് മിസിംഗ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കല്ലറ പൊളിക്കുന്നത് തടയാൻ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച്​​ ജില്ല ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു. കുടുംബത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ ഭാഗം കേൾക്കാമെന്നും അല്ലെങ്കിൽ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഒരാളെ കാണാതായാൽ അന്വേഷണം നടത്തണം. അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതിൽ ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി എന്നറിയപ്പെടുന്ന മണിയൻ (78) മരിച്ചത്. മൃതദേഹം വീട്ടുകാർ രഹസ്യമായി സമീപത്തെ കല്ലറയിൽ സംസ്കരിക്കുകയും സമാധിയായതായി പോസ്റ്റർ പതിക്കുകയുമായിരുന്നു. ഇത് കണ്ടാണ് അയൽവാസികൾ വിവരം അറിയുന്നത്.സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിർദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്കരിച്ചതെന്നാണ് മക്കളുടെ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top