സമാധിക്ക് പിന്തുണയുമായി സംഘപരിവാർ; മൃതദേഹം പുറത്തെടുത്തേ പറ്റൂവെന്ന് പോലീസ്; തര്‍ക്കം കോടതിയിലേക്ക്
നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഗോപൻ്റെ മൃതദേഹം പുറത്തെടുക്കുന്നത് സംബന്ധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം തീരുമാനമെടുക്കും. ഗൃഹനാഥൻ സമാധിയായി എന്നവകാശപ്പെട്ട് ആരുമറിയാതെ മൃതദേഹം കല്ലറ കെട്ടി മറവ് ചെയ്തതിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. ഇന്നലെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള ശ്രമം ഗോപൻ്റെ ഭാര്യ സുലോചന, മക്കളായ സനന്ദൻ, രാജഗോപാൽ എന്നിവ ചേർന്ന് തടഞ്ഞിരുന്നു.
പൊളിക്കാനുള്ള നീക്കം തുടർന്നാൽ എത് വിധേനെയും അത് തടയുമെന്ന് ഗോപൻ്റെ മക്കൾ ഇന്ന് പാഞ്ഞു. ഹിന്ദു ഐക്യവേദിയുമായി കൂടിയാലോചിച്ച് നിയമനടപടി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും വീട്ടുകാർ ഇന്ന് അറിയിച്ചു. എന്നാൽ രണ്ട് ദിവസത്തിനകം കല്ലറ പൊളിക്കാനാണ് പോലീസിൻ്റെ നീക്കം. ചില സംഘപരിവാർ സംഘടനകളും ഗോപൻ്റെ കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
നിലവിൽ നെയ്യാറ്റിൻകര പോലീസ് സംഭവുമായി ബന്ധപ്പെട്ട് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോപനെ കാൺമാനില്ല എന്ന് കാണിച്ച് മിസിംഗ് കേസാണ് എടുത്തിരിക്കുന്നത്. അയൽവാസിയാണ് ഈ മാസം ഒമ്പതാം തീയതി മുതൽ ഗോപനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഗോപൻ സ്വാമി കല്ലറ ഇരിക്കുന്ന സ്ഥലത്ത് എത്തി ഇരുന്ന ശേഷം സമാധിയായി എന്നാണ് ഭാര്യയുടേയും മക്കളുടെയും അവകാശവാദം. ഗോപൻ്റെ മരണകാരണമടക്കം കണ്ടെത്തേണ്ടി കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനാൽ കല്ലറ പൊളിച്ചേ മതിയാവൂ എന്നാണ് പോലീസ് പറയുന്നത്. റിട്ട് നടപടിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ (78) മരിച്ചത്. മൃതദേഹം വീട്ടുകാർ രഹസ്യമായി സമീപത്തെ കല്ലറയിൽ സംസ്കരിക്കുകയും സമാധിയായതായി പോസ്റ്റർ പതിക്കുകയുമായിരുന്നു. ഇത് കണ്ടാണ് അയൽവാസികൾ വിവരം അറിയുന്നത്.സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിർദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്കരിച്ചതെന്നാണ് മക്കളുടെ അവകാശവാദം.
വിഷയത്തിൽ ചില സാമുദായിക, സംഘപരിവാർ സംഘടനാ നേതാക്കൾ കൂടി ഇടപെട്ടതോടെ പ്രദേശത്ത് ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുടലെടുത്തിരുന്നു. തുടർന്ന് സംഘർഷമൊഴിവാക്കാൻ കല്ലറ പൊളിക്കുന്നത് ഇന്നലെ താൽക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here