നോക്കുകൂലിയില്ലാതെ ലോഡിറക്കാം; അടിച്ച് കാലൊടിക്കുമെന്ന തൊഴിലാളി മുഷ്ക്കിന് തിരിച്ചടി; തീരുമാനം കല്യാണി ഗ്രാനൈറ്റ്സിന് അനുകൂലം

തിരുവനന്തപുരം: നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ലോഡ് ഇറക്കുന്നത് തൊഴിലാളി യൂണിയനുകള്‍ തടഞ്ഞ സംഭവത്തില്‍ വിജയം നെയ്യാറ്റിന്‍കര കല്യാണി ഗ്രാനൈറ്റ് ഷോപ്പ് ഉടമയ്ക്ക്. രാവിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഷോപ്പ് ഉടമയ്ക്ക് നേരിട്ട് ലോഡ് ഇറക്കാനുള്ള അനുമതി നല്‍കി. സ്വന്തം നിലയില്‍ ലോഡ്‌ ഇറക്കാനുള്ള തൊഴില്‍ വകുപ്പിന്റെ കാര്‍ഡ് ഷോപ്പ് ഉടമ അനില്‍ കുമാര്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍, യൂണിയനുകള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രശ്നം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി യോഗം അവസാനിപ്പിച്ചത്.

വ്യാഴാഴ്ച ലോഡ് ഇറക്കുന്നത് തൊഴിലാളി യൂണിയനുകള്‍ തടഞ്ഞു. അതിരാവിലെ പ്രശ്നം പരിഹരിക്കാന്‍ സിഐടിയു നേതാവിനെ വിളിച്ചപ്പോള്‍ മുട്ടന്‍ തെറിയാണ് കേട്ടത്- കല്യാണി ഗ്രാനൈറ്റ് ഷോപ്പ് ഉടമ അനില്‍കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. അടിച്ച് നിന്റെ കാലൊടിക്കുമെന്നാണ് സിഐടിയു നേതാവ് പറഞ്ഞത്. ഇതോടെ പോലീസിന് നല്‍കാന്‍ പരാതി തയ്യാറാക്കി. മാധ്യമങ്ങള്‍ക്കും കുറിപ്പ് നല്‍കി. ഇതോടെ ലേബര്‍ ഓഫീസര്‍ ഇന്ന് രാവിലെ ചര്‍ച്ചവെക്കാമെന്ന് പറഞ്ഞു. അതിനാൽ പരാതിയുമായി മുന്നോട്ട് പോയില്ല.

വര്‍ഷങ്ങളായി സിഐടിയു അടക്കമുള്ള യൂണിയനുകള്‍ നോക്കുകൂലി വാങ്ങിക്കുന്നുണ്ട്. ഇവിടെ ഗ്രാനൈറ്റ് വന്നാല്‍ ഇറക്കാന്‍ ഞങ്ങളുടെ ആളുകളുണ്ട്. പക്ഷെ യൂണിയനുകള്‍ സമ്മതിക്കില്ല. അതിനാല്‍ നോക്കുകൂലി നല്‍കി ഞങ്ങള്‍ ഇറക്കും. ഇന്നലെ പ്രശ്നം വന്നപ്പോള്‍ സിഐടിയു നേതാവിനെ വിളിച്ചു. ‘നിങ്ങള്‍ ഞങ്ങളെ പറ്റിച്ചു. അനുഭവിക്കേണ്ടി വരുമെന്നാണ്’ നേതാവ് പറഞ്ഞത്. ചര്‍ച്ചയില്‍ യൂണിയനുകള്‍ ഇറങ്ങിപ്പോയി. കാരണം ഞങ്ങളുടെ കയ്യില്‍ ലോഡ് ഇറക്കാനുള്ള കാര്‍ഡുണ്ട്. അതിനാല്‍ അവര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

കാര്‍ഡ് ലഭിക്കുന്നതിന് മുന്‍പ് രണ്ടായിരം മുതല്‍ മൂവായിരം വരെ ലോഡിന് നോക്കുകൂലി നല്‍കിയിട്ടുണ്ട്. ഇതുവരെ നൂറ് ലോഡ് ഗ്രാനൈറ്റെങ്കിലും നോക്കുകൂലി നല്‍കി ഇറക്കിയിട്ടുണ്ട്. ഓരോ ലോഡിനും മിനിമം രണ്ടായിരം വെച്ച് നല്‍കിയിട്ടുണ്ട്. അപ്പോള്‍ എത്ര രൂപയായി എന്ന് നിങ്ങള്‍ തന്നെ കൂട്ടിനോക്കൂ. ഗതികെട്ടാണ്‌ സ്വന്തം കാര്‍ഡിനായി ഞങ്ങള്‍ അപേക്ഷ നല്‍കിയത്. ഇതോടെ സ്വന്തമായി ലോഡ് ഇറക്കാന്‍ തുടങ്ങി.

ഇതിനു മുന്‍പ് ഒരു തവണ ലോഡ് ഇറക്കുമ്പോള്‍ യൂണിയനുകള്‍ പ്രശ്നവുമായി വന്നു. ലോഡ് ഇറക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ലോഡ് ഇറക്കിയില്ല. പകരം പണം ആവശ്യപ്പെട്ടു. 3500 രൂപ നോക്കുകൂലി നല്‍കി. ഇത് കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് നോക്കുകൂലി പോക്കറ്റിലിട്ട് എന്റെ അമ്മയെ പരാർശിച്ച് തെറിവിളിച്ചത്. മരിച്ചുപോയ അമ്മയെ പറഞ്ഞത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ലേബര്‍ ഓഫീസില്‍ ലോഡ് ഇറക്കാനുള്ള തൊഴിലാളി കാര്‍ഡിനായി അപേക്ഷ നല്‍കിയത്. അതിന് ശേഷം കാശ് നല്‍കിയിട്ടില്ല. പക്ഷെ ഓണത്തിന് ബോണസ് നല്‍കാറുണ്ട്. ഇന്നലെ ലോഡ് വന്നപ്പോള്‍ യൂണിയനുകള്‍ പ്രശ്നവുമായി വന്നു-അനില്‍കുമാര്‍ പറയുന്നു.

നിയമപരമായ അനുമതി മാര്‍ബിള്‍ ഷോപ്പ് ഉടമയ്ക്ക് ഉള്ളതിനാല്‍ യൂണിയനുകള്‍ കടുംപിടുത്തത്തിന് നില്‍ക്കരുതെന്നും വേറെ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഹരികുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നോക്കുകൂലി വാങ്ങിയ കാര്യത്തില്‍ ഒരു പരാതിയും എന്റെ മുന്നില്‍ വന്നിട്ടില്ല. ഇന്നത്തെ യോഗത്തിലും ആരും ഈ കാര്യം ഉന്നയിച്ചിട്ടില്ല. അതിനാല്‍ ഈ കാര്യത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഹരികുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top