ഐസിയു പീഡനക്കേസ് അതിജീവിത പറയുന്നു- ‘കോഴിക്കോട് മെഡി. കോളജ് ഭരിക്കുന്നത് ഇടത് യൂണിയൻ, സത്യത്തിനൊപ്പം നിന്നവരെ ശിക്ഷിക്കുന്നു’
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ എൻജിഒ യൂണിയനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. എൻജിഒ യൂണിയനാണ് മെഡിക്കൽ കോളജ് ഭരിക്കുന്നതെന്നും തനിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിനെ സ്ഥലം മാറ്റിയത് യൂണിയന്റെ സമ്മർദ്ദത്തിലാണെന്നും അതിജീവിത മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അതിജീവിതയെ അനുകൂലിച്ച സീനിയർ നഴ്സിംഗ് ഓഫീസറായ പി.ബി.അനിതയെയാണ് ഇടുക്കി മെഡിക്കൽ കോളജിലേക്ക് അടിയന്തര പ്രാധാന്യത്തോടെ മാറ്റാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ നവംബർ 28ന് (ഡിഎംഇ) ഇറക്കിയ ഉത്തരവ് 30നാണ് അനിതയ്ക്ക് ലഭിച്ചത്. അന്ന് തന്നെ പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ നഴ്സിനെ വിടുതൽ ചെയ്തു കൊണ്ട് ഉത്തരവുമിറക്കി. ‘സ്ഥലം മാറ്റുന്നെങ്കിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാവരെയും മാറ്റണം. എനിക്ക് അനുകൂലമായി മൊഴി നൽകിയതുകൊണ്ടുള്ള നടപടിയാണിത്. അതിക്രമം നടത്തിയ ആളും, അയാൾക്കെതിരെയുള്ള മൊഴി മാറ്റി പറയണമെന്ന് ഭീഷണിപ്പെടുത്തിയവരും യൂണിയൻ അംഗങ്ങളാണ്. ‘ അതിജീവിത പറഞ്ഞു. സ്ഥലംമാറ്റ നടപടിക്കെതിരെ അതിജീവിത ഇന്നലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് സമരം തുടങ്ങാനുള്ള നീക്കത്തിലാണ് അതിജീവിത.
കഴിഞ്ഞ മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളജ് ഐസിയുവിൽ കിടന്ന യുവതിയെ അറ്റൻഡർ എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. പിന്നീട് ചികിത്സയ്ക്കായി വാർഡിലേക്ക് മാറ്റിയ അതിജീവിതയെ അഞ്ച് പേർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാൻ ഡിഎംഇ, സമിതിയെ നിയോഗിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട്, സീനിയർ നഴ്സിംഗ് ഓഫീസർ എന്നിവരുടെ ഏകോപനമില്ലാത്ത പ്രവർത്തനമാണ് സംഭവത്തിന് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൂന്ന് പേരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റാനും സമിതി നിർദേശിച്ചു. ഇതേത്തുടർന്നാണ് ഉത്തരവ്.
യുവതിയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരും കുറ്റക്കാരാണെന്ന് നേരത്തെ ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇവരെ കഴിഞ്ഞ മാസം സ്ഥലം മാറ്റി. സത്യത്തിനൊപ്പം നിൽക്കുന്നവരെ ശിക്ഷിക്കുന്നത് ശരിയല്ല. ഇതിനെതിരെ പോരാടും. സ്ഥലംമാറ്റൽ നടപടി റദ്ദാക്കാൻ നൽകിയ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് ഡിഎംഇ പറഞ്ഞതായും അതിജീവിത പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here