സിപിഎമ്മിന് പൂര്‍ണ്ണമായും കീഴടങ്ങി എന്‍ജിഒ യൂണിയന്‍; എഡിഎമ്മിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഒരു ഇടപെടലുമില്ല
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം നടന്ന് 10 ദിവസം ആകുമ്പോഴും സംസ്ഥാനത്തെ സര്‍വീസ് സംഘടനകളുടെ മൗനം അമ്പരപ്പിക്കുന്നത്. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനില്‍ അംഗമായിട്ടു പോലും നവീന്‍ ബാബുവിന് സംഭവിച്ച ദുരന്തത്തില്‍ പ്രതിഷേധിച്ച് സമരമുഖത്തേക്ക് അവര്‍ വന്നിട്ടില്ല. പൂര്‍ണ്ണമായും പാര്‍ട്ടിക്ക് കീഴടങ്ങി കിടക്കുകയാണ് യൂണിയന്‍. അധ്യാപകരടക്കം അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ 70 ശതമാനത്തിലധികം പേരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനയില്‍ അംഗങ്ങളാണ്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തി പിപി ദിവ്യ നടത്തിയ അധിക്ഷേപത്തിന്റെ മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. മരിക്കുന്നതു വരെ നവീന്‍ ബാബു സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കേരള ഗവണ്മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗമായിരുന്നു. പോലീസ് അന്വേഷണം മന്ദഗതിയിലായിട്ടു പോലും സര്‍വീസ് സംഘടനകളൊന്നും തന്നെ പ്രതിഷേധിക്കാന്‍ തയ്യാറായിട്ടില്ല. ഭരണകക്ഷിയുടെ യൂണിയനില്‍പ്പെട്ട ഒരംഗം ദൂരൂഹമായ സാഹചര്യത്തില്‍ ജീവനൊടുക്കിയതില്‍ അവര്‍ പ്രതിഷേധിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ എന്തിന് പ്രതിഷേധിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് – ബിജെപി സംഘടനകള്‍.
മജിസ്‌ട്രേറ്റിന്റെ പദവിയിലിരുന്ന ഉദ്യോഗസ്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത് കേവലമൊരു എസ്എച്ച്ഒ ആണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎം ജില്ലാ കമ്മറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയും. പ്രതിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീണ്ടു പോവുന്നതില്‍ സംസ്ഥാനത്തെ സര്‍വീസ് സംഘടനകളുടെ മൗനവും കാരണമാകുന്നുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഒരു പ്രതിഷേധ സമരമോ, ജാഥയോ എന്തുകൊണ്ട് നടത്തുന്നില്ലാ എന്നു പോലും സഹപ്രവര്‍ത്തകര്‍ ആരും ചോദിക്കുന്നില്ല എന്നതാണ് അതിശയകരമായ കാര്യമാണ്. അത്രമേല്‍ പാര്‍ട്ടി അടിമത്തം സര്‍വീസ് സംഘടനകളെപ്പോലും ബാധിച്ചുവെന്നാണ് ഈ നിസംഗത വ്യക്തമാക്കുന്നത്.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ദിവ്യ എവിടെയാണന്നോ, എന്തു കൊണ്ട് അറസ്റ്റ് വൈകുന്നു എന്ന് പോലീസോ, ആഭ്യന്തര വകുപ്പോ വ്യക്തമാക്കിയിട്ടില്ല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ യാതൊരു ക്രമക്കേടും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടു പോലും അറസ്റ്റ് വൈകുകയാണ്. .നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കി എന്നു പറയുന്ന പരാതി പോലും വ്യാജമാണെന്ന് തെളിഞ്ഞിട്ടും സര്‍വീസ് സംഘടനാ നേതാക്കള്‍ പാര്‍ട്ടിക്ക് കീഴsങ്ങി മിണ്ടാതെ കഴിഞ്ഞു കൂടുകയാണ്.
സര്‍ക്കാര്‍ നവീന്‍ ബാബുവിനോടൊപ്പമാണെന്ന് പറയുമ്പോഴും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പക്ഷേ, ഈ ആവശ്യം ഏറ്റെടുക്കാന്‍ ബാധ്യതയുള്ള സര്‍വീസ് സംഘടനകളുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here