മൂക്കടിച്ചു പൊട്ടിച്ചിട്ട് രണ്ടാഴ്ച; നെസിയയുടെ പരാതിയിൽ നടപടി എടുക്കാതെ പോലീസ്, ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കെ എസ് യു പ്രവർത്തക നെസിയ മുണ്ടപ്പള്ളിയിലിന്റെ മൂക്കടിച്ചു പൊട്ടിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വേണ്ട നടപടി ഉടനെ സ്വീകരിക്കണമെന്ന് ഡിജിപിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നെസിയ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ നാലാം തീയതി മന്ത്രി ആർ ബിന്ദുവിനെതിരെ കെ എസ് യു തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടയിലാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെയാണ് കെ എസ് യു സംസ്ഥാന ഭാരവാഹി നെസിയ മുണ്ടപ്പള്ളിയിലിൻ്റെ മൂക്കിന്റെ പാലം ഒരു പോലീസുകാരൻ ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചത്. അടിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ ജോസ് എന്ന പോലീസുകാരനാണെന്ന് നെസിയ തിരിച്ചറിഞ്ഞിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തതല്ലാതെ തുടർ നടനടപടി ഒന്നും ഉണ്ടായിട്ടില്ല. പോലീസുകാരന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടെയാണ് പരാതി നൽകിയതെന്നും നെസിയ പറഞ്ഞു. ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഒരിടത്തുനിന്നും ഒരു തരത്തിലുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഡോ. സുരേഷ് കെ ഗുപ്തന്റെ പരാതിയിലാണ് ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. നെസിയയും പരാതി നൽകിയിട്ടുണ്ട്. മൂക്കിന്റെ പാലത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ മാറിയാൽ ഉടനെ ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here