എയർ ഇന്ത്യാ സമരത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ; ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കാര്യത്തിൽ നടപടി അനിവാര്യമെന്ന് പരാതിക്കാരൻ സലിം മടവൂർ
മെയ് 7 മുതൽ 9 വരെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രഖ്യാപിത സമരം കാരണം ആയിരക്കണക്കിന് യാത്രക്കാരും ബന്ധുക്കളും നേരിട്ട മാനസിക, സാമ്പത്തിക, ശാരീരിക പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നും ഇതിൻ്റെ ഉത്തരവാദിത്തം സമരം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്കും എയർ ഇന്ത്യ മാനേജ്മെൻറിനും ആണെന്നും സലീം മടവൂർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രജിസ്റ്റർ നമ്പർ 288/11/0/2024 ആയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്രഖ്യാപിത സമരം ചെയ്ത് യാത്രക്കാരെ ദുരിതത്തിലാക്കിയ ജീവനക്കാർക്ക് എതിരെ എടുത്ത അച്ചടക്കനടപടി പിൻവലിച്ച എയർ ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ല. ഇത് കമ്മീഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സലീം മടവൂർ പറഞ്ഞു. ഉചിതമായ നടപടിക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആണ് ദേശീയ മനുഷ്യാവകാശ കമ്മിഷനോട് സലിം മടവൂർ ആശ്യപ്പെട്ടിരിക്കുന്നത്. ഭാവിയിൽ ഇത്തരം ഏകപക്ഷീയ സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉന്നത കോടതികളുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവരും.
മിന്നൽ പണിമുടക്കിന് ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും സമയോചിതമായി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മാനേജ്മെൻ്റും ഗുരുതര വീഴ്ചയാണ് വരുത്തിയത്. പണിമുടക്ക് കാരണം യഥാസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി ഉണർന്നു പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട വിമാനക്കമ്പനി മാനേജ്മെൻ്റും ഗുരുതര കൃത്യവിലോപം ആണ് വരുത്തിയത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here