സവാദിന് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് എന്‍ഐഎ; ദര്‍ഗ്ഗയില്‍ കണ്ട നല്ല വിശ്വാസിയായ യുവാവിന് മകളെ വിവാഹം കഴിച്ചു നല്‍കിയെന്ന് ഭാര്യാപിതാവ്
കൊച്ചി : കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവില്‍ കഴിയാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലില്‍ എന്‍ഐഎ. ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയ ദേശീയ അന്വേഷണ ഏജന്‍സി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലാകുന്ന സമയത്ത് സവാദില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കൃത്യമായ സഹായം ലഭിക്കാതെ 13 വര്‍ഷം ഒളിവില്‍ കഴിയാനാവില്ലെന്നാണ് വിലയിരുത്തല്‍. വിവാഹം കഴിക്കുകയും വിവിധയിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയും സവാദ് ചെയ്തിട്ടുണ്ട്. ഇവിടെയെല്ലാം ജോലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനാലാണ് പ്രതിക്ക് കൃത്യമായ സഹായം കാലാകാലങ്ങളില്‍ ലഭിക്കുന്നുണ്ടെന്ന് എന്‍ഐഎ ഉറപ്പിക്കുന്നത്.
സവാദിന്റെ വിവാഹത്തിലും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. എട്ട് വര്‍ഷം മുമ്പ് കാസര്‍കോട് സ്വദേശിനിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. കൈവെട്ടുകേസിലെ പ്രതിയാണെന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് അറിയുന്നതെന്നാണ് യുവതിയും കുടംബവും പറയുന്നത്. സവാദ് എന്നാണ് ശരിയായ പേര് എന്നുപോലും അറിയുന്നത് വാര്‍ത്തയിലൂടെയാണെന്ന് ഭാര്യാപിതാവ് അബ്ദുല്‍ റഹ്‌മാന്‍ പറയുന്നു. മംഗലാപുരത്തെ ഉള്ളാള്‍ ദര്‍ഗയില്‍ വച്ചാണ് സവാദിനെ ആദ്യമായി കാണുന്നത്. ഷാജഹാന്‍ എന്നാണ് പേര് പറഞ്ഞത്. വിശ്വാസിയായ നല്ല യുവാവ് എന്ന നിലയിലാണ് മകളെ വിവാഹം കഴിക്കാമൊയെന്ന് ചോദിച്ചത്. കണ്ണൂര്‍ വളപട്ടണമാണ് സ്വദേശമെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞു. വിശ്വാസം തോന്നിയതു കൊണ്ടാണ് പെണ്ണുകാണല്‍ ചടങ്ങ് നടത്തിയതും വിവാഹം ഉറപ്പിച്ചതും. ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ നിര്‍ബന്ധമായിരുന്നു വിവാഹമെന്നും അബ്ദുല്‍ റഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യങ്ങളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. വിവഹ ശേഷം കേരളത്തില്‍ വിവിധയിടങ്ങളില്‍ സവാദ് കുടുംബവുമായി വാടകയ്ക്ക് താമസിച്ചിരുന്നു. ഭാര്യയുടെ പേരിലായിരുന്നു വാടക കരാര്‍ പോലും തയ്യാറാക്കിയിരുന്നത്. ഒരിടത്തു പോലും സ്വന്തം പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ശരിയായ പേര് മട്ടന്നൂര്‍ നഗരസഭയില്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. ഇതില്‍ നിന്നും ലഭിച്ച സൂചനയിലൂടെയാണ് സവാദിന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. നിലവില്‍ താമസിക്കുന്നിടത്തു നിന്നും മാറാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അറസ്റ്റ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here