ബെംഗളൂരു സ്ഫോടനത്തിലെ പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ; ബെള്ളാരിയിലേക്ക് കടന്നതായി സൂചന

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ. മാസ്കും കയ്യില്‍ ബാഗുമായി നടക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണെന്നത് വെളിപ്പെടുത്തിയിട്ടില്ല. ബോംബ്‌ സ്ഫോടനം നടന്ന ദിവസം രാത്രിയിലെ ചിത്രങ്ങളാണെന്നത് വ്യക്തമാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനത്തിനു ശേഷം പ്രതി പല ബസ്സുകളില്‍ യാത്ര ചെയ്ത് ബെള്ളാരി ജില്ലയിലേക്ക് കടന്നതാണ് ഏറ്റവും ഒടുവിലെ വിവരം. യാത്രയ്ക്കിടെ പ്രതി ഒരു തവണ വസ്ത്രം മാറുകയും ധരിച്ചിരുന്ന തൊപ്പി ഉപേക്ഷിക്കുകയും ആരാധനാലയത്തില്‍ പ്രവേശിച്ചതായും കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതിരിക്കാന്‍ പ്രതി പല തവണ രൂപമാറ്റം വരുത്തിയതായും പോലീസ് പറയുന്നു. എന്‍ഐഎയും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്. ബെള്ളാരി ജില്ലയിലെ കൗൾ ബസാറില്‍ തുണിക്കട നടത്തുന്ന വ്യാപാരിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള മറ്റൊരാളുമാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

മാര്‍ച്ച്‌ ഒന്നിനാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നത്. പ്രതി രാവിലെ ബസ് ഇറങ്ങി കഫെയിൽ ഭക്ഷണത്തിന് ഓർഡർ നൽകിയശേഷം ശുചിമുറിക്കടുത്ത് കയ്യിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായാത്. പ്രതി കടയില്‍ നിന്നിറങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടശേഷമാണ് സ്ഫോടനം നടക്കുന്നത്. മാര്‍ച്ച്‌ മൂന്നിന് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം സ്ഫോടനം നടന്ന രാമേശ്വരം കഫെ ഇന്ന് മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കനത്ത സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയതായും സെക്യൂരിറ്റി ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരെ ഉൾപ്പെടുത്തി ഒരു പ്രത്യേക പാനൽ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്നും കഫെ ഉടമ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top