മൂന്നുദിവസം മുൻപും മിസൈല്‍ ആക്രമണമുണ്ടായി; സ്ഥലംമാറാൻ പറഞ്ഞിരുന്നുവെന്ന് ഇസ്രയേലില്‍ കൊല്ലപ്പെട്ട നിബിന്റെ പിതാവ് ആൻ്റണി

കൊല്ലം: ഇസ്രയേലില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നതായി തിങ്കളാഴ്ച ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ച നിബിൻ മാക്‌സ്‌വെല്ലിന്‍റെ പിതാവ് ആന്റണി മാക്‌സ്‌വെൽ. “രണ്ടാഴ്ച മുന്‍പ് മറ്റൊരു വ്യോമാക്രമണത്തെക്കുറിച്ച് നിബിന്‍ പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് മാറാൻ ഞാൻ ഉപദേശിച്ചിരുന്നു. എന്നാൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ അവർ അതേ ഫാമിൽ ജോലി തുടർന്നു. ഇസ്രയേലില്‍ ആ ഭാഗത്ത് ആക്രമണങ്ങള്‍ നടക്കുന്നതായി അറിഞ്ഞ ശേഷം ഞങ്ങൾ പലപ്പോഴും ബന്ധപ്പെട്ടിരുന്നു”; ആന്റണി പറഞ്ഞു.

നിബിന്‍റെ മൃതദേഹം ബുധനാഴ്ച ടെൽ അവീവിലേക്ക് കൊണ്ടുപോകും. അതിനു ശേഷം ഇന്ത്യയിലെത്തിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് മിസൈൽ പതിച്ചതിനെ തുടർന്ന് നിബിനൊപ്പമുള്ള ജോസഫ്, പോൾ മെൽവിൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായാണ് ഇസ്രയേലില്‍ നിന്നും ലഭിച്ച വിവരം.

നിബിൻ യുഎഇയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യക്കാർക്ക് കാർഷിക വിസ അനുവദിച്ചപ്പോൾ ഡിസംബറിൽ ആ ജോലി ഉപേക്ഷിച്ച് ഇസ്രയേലിലേക്ക് പോയി. നിബിന്റെ ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയാണ്. അഞ്ച് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.ഇസ്രായേലിൽ കെയർ ഗിവറായി ജോലി ചെയ്യുന്ന ഭാര്യാ സഹോദരനാണ് നിബിന് ജോലി ലഭിക്കാൻ സഹായിച്ചത്. നിബിൻ ഇസ്രായേലിലേക്ക് പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ സഹോദരൻ നിവിനും അവിടെയെത്തി.

ഇസ്രയേലിലെ മിസൈല്‍ ആക്രമണം ഇന്ത്യക്കാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വീടുകളിൽ ജോലി ചെയ്യുന്നവര്‍ക്ക് സൈറൺ മുഴങ്ങുമ്പോൾ അഭയ കേന്ദ്രങ്ങളിലേക്ക് ഓടാൻ കഴിയും. എന്നാൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർ ആക്രമണത്തിന് വിധേയരാകുന്നു. സംഘര്‍ഷം നടക്കുന്നതിനാല്‍ ജോലിക്കാര്‍ ജോലി ഒഴിവാക്കി പോയതിനെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാർ ഇവിടെ ഫാമുകളിൽ ജോലി ചെയ്യുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top