സിപിഎമ്മിനോട് ആര്യാടൻ്റെ മധുര പ്രതികാരം; ഇടത് നഗരസഭ ഇടങ്കോലിട്ടപ്പോള്‍ നിലമ്പൂര്‍ ആയിഷയുടെ നാടകം നടത്തിയത് കെപിസിസി ജനറല്‍ സെക്രട്ടറി; സിപിഎമ്മില്‍ അതൃപ്തി

നിലമ്പൂര്‍: വെടിയുണ്ട പോലും നേരിട്ട് സിപിഎമ്മിന് വേണ്ടി നാടകമവതരിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ നാടകത്തിന് നിലമ്പൂര്‍ നഗരസഭ അവതരണാനുമതി നിഷേധിച്ചത് വിവാദമാകുന്നു. നഗരസഭ കയ്യൊഴിഞ്ഞപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ പാട്ടുത്സവ് സംഘാടകസമിതി ഇന്നലെ നാടകം നടത്തിയത് നഗരസഭക്ക് കനത്ത തിരിച്ചടിയുമായി.

നിലമ്പൂരിലെ വേട്ടക്കൊരു മകന്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നഗരസഭയും ആര്യാടന്‍ ഷൗക്കത്തും പാട്ടുത്സവ് പരിപാടി നടത്തുന്നുണ്ട്. ഇതൊരു സാംസ്കാരിക പരിപാടിയാണ്. നിലമ്പൂര്‍ ആയിഷയുടെ ജീവിതം പറയുന്ന ‘കേരള നൂര്‍ജഹാന്‍’ നാടകം പ്രദര്‍ശിപ്പിക്കാന്‍ ഇടത് നാടകപ്രവര്‍ത്തകര്‍ ആദ്യം നഗരസഭയെയാണ് സമീപിച്ചത്. എന്നാല്‍ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് നാടകപ്രവര്‍ത്തകര്‍ പറയുന്നു. നിലമ്പൂര്‍ ആയിഷയുടെ നാടകത്തിനെ അവഗണിച്ചതില്‍ സിപിഎമ്മില്‍ കടുത്ത രോഷം നിലനില്‍ക്കുന്നുണ്ട്.

പ്രായത്തിന്റെ അവശതകള്‍ മറികടന്ന് ആയിഷയും നാടകം കാണാന്‍ പാട്ടുത്സവ് വേദിയിലെത്തി. “എന്റെ ജീവിതം സിനിമയും കഥാപ്രസംഗവുമൊക്കെയായിട്ടുണ്ട്. എന്റെ കല നാടകമാണ്. അതിനാല്‍ ജീവിതം നാടകമായി കാണാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് നടന്നത്.” നിലമ്പൂര്‍ ആയിഷ പറഞ്ഞു.

‘കേരള നൂര്‍ജഹാന്‍’ നാടകം നഗരസഭ ഏറ്റെടുത്ത് നടത്തണമായിരുന്നു. നാടകത്തിന്റെ സാംസ്കാരിക പശ്ചാത്തലം മനസിലാക്കാതെയാണ് നഗരസഭ പെരുമാറിയത്-നാടക സംവിധായകന്‍ മുഹാജിര്‍ കരുളായി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

നാടകത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്. ഒരു മണിക്കൂര്‍ നാടകത്തിനു മാത്രമാണ് അനുമതി നല്‍കുന്നത് എന്നാണ് നഗരസഭ പറഞ്ഞത്. ആര്യാടന്‍ ഷൗക്കത്തിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം വേദിയൊരുക്കുകയും ഇന്നലെ നാടകം നടത്തുകയും ചെയ്തു. ആളുകള്‍ തിങ്ങിനിറഞ്ഞ വേദിയിലാണ് നാടകാവതരണം നടന്നത്-മൊഹാജിര്‍ പറഞ്ഞു.

“ഞാന്‍ നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന വേളയില്‍ തുടങ്ങിയതാണ്‌ നിലമ്പൂര്‍ പാട്ടുത്സവ്. ഞാനത് തുടര്‍ന്നു നടത്തുന്നുണ്ട്-ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. “നാടക സംഘാടകര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ വേദി നല്‍കി. നിലമ്പൂര്‍ ആയിഷയുടെ ജീവിതം പറയുന്ന പ്രചോദനാത്മകമായ നാടകമാണത്”-ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

ഞങ്ങള്‍ നടത്തുന്നത് നാടകമത്സരമാണ്. സാധാരണ നാടകങ്ങളാണ് മത്സരത്തിനുള്ളത്. പ്രൊഫഷണല്‍ നാടകമായതിനാലാണ് ‘കേരള നൂര്‍ജഹാന്‍’ നാടകത്തിന് അനുമതി നിഷേധിച്ചത്-നിലമ്പൂര്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top