നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; സ്ഥാനാർത്ഥി കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ തിരക്കിട്ട കൂടിയാലോചനകൾ

മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. സാക്ഷാൽ ആര്യാടൻ മുഹമ്മദ് മുതൽ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില സർപ്രൈസിനുള്ള സാധ്യത പരീക്ഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം ജില്ലാ കമ്മറ്റിയംഗം വി എം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി ഷബീർ എന്നിവരാണ് പരിഗണനയിൽ.
സ്ഥാനാർത്ഥികാര്യത്തിൽ യുഡിഎഫിൽ ഏറെക്കുറെ വ്യക്തതയുണ്ട്. ആര്യാടൻ മുഹമ്മദിൻ്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തോ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്. ഇവരിൽ ഭരണരംഗത്തെ പരിചയസമ്പത്തിൻ്റെ ആനുകൂല്യമുള്ള ഷൗക്കത്തിന് മുൻതൂക്കമുണ്ട്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭാ ചെയർമാനും ആയിരിക്കെ നടപ്പാക്കിയ പദ്ധതികൾ കണ്ണഞ്ചിക്കുന്നതാണ്. നഗരസഭാധ്യക്ഷനായിരിക്കെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ചത് നേട്ടങ്ങളിൽ ഒന്നുമാത്രമാണ്.

പ്രായംകുറഞ്ഞ ഡിസിസി പ്രസിഡൻ്റെന്ന നിലയിൽ പ്രവർത്തന മികവുള്ള വി എസ് ജോയിക്ക് പ്രായം ഒരേസമയം അനുകൂലവും ചിലപ്പോൾ തിരിച്ചടിയും ആയേക്കാം. മുതിർന്ന നേതാവെന്ന നിലയ്ക്കും പരിചയസമ്പത്ത് പരിഗണിച്ചും ഷൗക്കത്തിന് അവസരം നൽകേണ്ടതാണെന്ന ധാരണ നേതൃത്വത്തിലുണ്ട്. എംഎൽഎ സ്ഥാനം രാജിവച്ച പി വി അൻവർ പിൻഗാമിയെന്ന മട്ടിൽ ജോയിയുടെ പേര് നിർദേശിച്ചത് നേതൃത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതാണ്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയെ അൻവർ തീരുമാനിച്ചത് പോലെയാണ് ആ നീക്കത്തെ പലരും കണ്ടത്. യുഡിഎഫ് പ്രവേശത്തിനായുള്ള അൻവറിൻ്റെ കത്ത് ഇനിയും യുഡിഎഫ് പരിഗണിച്ചിട്ട് തന്നെയില്ല.

നിലമ്പൂരിൽ യുഡിഎഫിനെ രണ്ടുവട്ടം വീഴ്ത്തിയ അൻവറിനാണ് ഇത്തവണ യുഡിഎഫ് വിജയം ഏറ്റവും അനിവാര്യമാകുന്നത്. ഇടതുസർക്കാരിനെയും സാക്ഷാൽ പിണറായി വിജയനെയും വെല്ലുവിളിച്ച് മുന്നണിവിട്ട അൻവറിന് പിടിച്ചുനിൽക്കാൻ ഇത് കൂടിയേ തീരൂ. അതുകൊണ്ട് തന്നെ മുന്നണിപ്രവേശം എന്ന ഔപചാരികത പരിഗണിക്കാതെ തന്നെ യുഡിഎഫ് വിജയത്തിനായി സഹകരിക്കേണ്ടി വരും. തൻ്റെ രാഷ്ട്രിയ പ്രസക്തി നിലനിർത്താൻ ഇത് അനിവാര്യമാണെന്ന് അൻവറിന് അറിയാം. ഇതെല്ലാം യുഡിഎഫിന് അനുകൂലമാണ്. സർവോപരി ആര്യാടൻ മുഹമ്മദ് എന്ന അതികായൻ്റെ ലെഗസി നിലമ്പൂരൂകാരുടെ മനസിൽ മായാതെ നിൽക്കുന്നതും പ്രധാനമാണ്.

പി വി അൻവർ രാജിവച്ചപ്പോൾ തന്നെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അതെന്ന് എന്നതായിരുന്നു ആശയക്കുഴപ്പം. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഇനി വൈകില്ല എന്ന സൂചനകൾ വന്നിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here