കോണ്‍ഗ്രസിന് എപി അനില്‍കുമാര്‍; സിപിഎമ്മിന് എം സ്വരാജ്; നിലമ്പൂര്‍ അങ്കത്തിന് തയാറെടുത്ത് മുന്നണികൾ

പിവി അന്‍വര്‍ രാജിവച്ച നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പാര്‍ട്ടികള്‍. സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും ഏകോപനത്തിനായി ചുമതലക്കാരനെ നിയോഗിച്ചു. മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനില്‍കുമാറിനാണ് ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ഉത്തരവാദിത്വമാണ് അനില്‍കുമാറിന് നല്‍കിയിരിക്കുന്നത്. മണ്ഡലം കമ്മറ്റികളുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലെ പ്രാരംഭ ചര്‍ച്ചകളും അനില്‍കുമാര്‍ നടത്തും.

ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് അനില്‍ കുമാറിനെ നിയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഓരോ പഞ്ചായത്തുകളിലും മുതിര്‍ന്ന നേതാക്കളെ ഇറക്കി ചിട്ടയായ പ്രവര്‍ത്തനമാണ് ലക്ഷ്യം. രണ്ട് തിരഞ്ഞെടുപ്പുകളിലായി നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കുക കോണ്‍ഗ്രസിന് അഭിമാന പ്രശ്‌നമാണ്.

അന്‍വര്‍ കൂടി തങ്ങളുടെ പാളയത്തില്‍ എത്തിയതോടെ ആര്യാടന്‍ മുഹമ്മദിന് ശേഷം ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിയമസഭയില്‍ എത്തിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്. ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വിഎസ് ജോയി എന്നിവരാണ് പരിഗണനയിലുള്ളത്. ഇവരിലാരെ തള്ളും ആരെ കൊള്ളും എന്നത് വലിയ പ്രശ്നമാണ്.

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; സ്ഥാനാർത്ഥി കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ തിരക്കിട്ട കൂടിയാലോചനകൾ

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന് സിപിഎം നിലമ്പൂരിന്റെ ചുമതല നല്‍കി, നിലമ്പൂര്‍ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. അന്‍വറിന്റെ ചതിക്ക് മറുപടി എന്ന നിലയില്‍ വിജയം തന്നെയാണ് സിപിഎമ്മിൻ്റെ ലക്ഷ്യം. ഇടതു സ്വതന്ത്രനായാണ് അന്‍വര്‍ മത്സരിച്ചതെങ്കിലും നിലമ്പൂര്‍ സിപിഎമ്മിന്റ് അക്കൗണ്ടിലുള്ള സീറ്റാണ്. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ, അതോ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പൊട്ടിത്തെറിയുണ്ടായാല്‍ അത് മുതലാക്കാൻ കാക്കണോ എന്ന ആലോചനയും സിപിഎമ്മിനുണ്ട്.

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പാര്‍ട്ടികള്‍ കണക്കു കൂട്ടുന്നത്. ഇതിന് അനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top