നിമിഷപ്രിയയോട് ദയവില്ല!! വധശിക്ഷ നടത്താൻ യെമൻ പ്രസിഡൻ്റിൻ്റെ ഉത്തരവ്
പ്രാർത്ഥനകൾ വിഫലമാക്കി, യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നീക്കം തുടങ്ങുന്നു. യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി ഇതിന് അനുമതി നൽകിയതായാണ് സൂചന. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്ര തലവന്മാരുമായും തുടങ്ങിവച്ച ചർച്ചകൾ വഴിമുട്ടി എന്നാണ് വിവരം. നേരത്തെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടിരുന്നു. 12 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും തമ്മിൽ നേരിൽ കണ്ടത്.
2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം നടന്നത്. നഴ്സായ നിമിഷ, കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയ ശേഷം തലാലിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തായ ഹനാന്റെ സഹായത്തോടെ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവച്ചു. പിന്നീട് ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഓഗസ്റ്റില്‍ നിമിഷയെയും ഹനാനെയും യെമന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ക്ലിനിക്കിലെ നഴ്‌സായിരുന്നു നിമിഷ. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം ആവശ്യമായിരുന്നു. 2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക ലാഭമുണ്ടാക്കി. ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തെറ്റുകയായിരുന്നു. തന്നെ തലാൽ ക്രൂര പീഢനങ്ങള്‍ക്ക് ഇരയാക്കി. ഒടുവിൽ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നൂവെന്നാണ് നിമിഷയുടെ അവകാശവാദം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here