നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കാൻ നിർമിതി കേന്ദ്രം; അഭിനന്ദിച്ച് മന്ത്രി കെ രാജൻ
ഭവനനിർമാണ രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കണമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം 100 ദിന പരിപാടിയുടെ ഭാഗമായി നിർമിതി കേന്ദ്രം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൗസിംഗ് ഗൈഡൻസ് സെൻ്റർ, ഇൻ്റഗ്രേറ്റഡ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം, ഫിനിഷിംഗ് സ്കൂൾ- 2024 എന്നീ പദ്ധതികൾക്കാണ് മന്ത്രി ആരംഭം കുറിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെലവ് കുറഞ്ഞതും ഗുണമേൻമയുള്ളതുമായ രീതി പരിചയപ്പെടുത്തുകയും അതിന് സാങ്കേതിക സഹായം നൽകുകയെന്ന ലക്ഷ്യമാണ് ഹൗസിംഗ് ഗൈഡൻസ് സെൻ്റർ മുന്നോട്ട് വയ്ക്കുന്നത്. ഭവന നിർമാണത്തിൻ്റെ വിവിധ മാതൃകകൾ കണ്ടു മനസിലാക്കുന്നതിനും അനുഭവിച്ചിയുന്നതിനുമായി വെർച്ച്വൽ സ്റ്റുഡിയോ ഉൾപ്പെടുന്ന സെൻ്റർ നിർമിതി കേന്ദ്രയുടെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു
നിർമാണ മേഖലയിൽ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനും നൽകുന്ന പദ്ധതിയാണ് ഇൻ്റഗ്രേറ്റഡ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം. വിദഗ്ധ തൊഴിലാളികളെയും, സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ച് സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. നൂതന സാങ്കേതിക വിദ്യയായ 3ഡി പ്രിൻ്റിംഗ്, പ്രീഫാബ് കൺസ്ട്രഷൻ, മോഡേൺ പെയിൻ്റിംഗ്, ലാൻഡ്സ്കേപ്പിംഗ്, ഹോം ആർട്ട് എന്നീ പരിശീലന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിശീലനം വിജയകരമായി പൂർത്തീയായവർക്കുള സർട്ടിഫിക്കറ്റും, ടൂൾകിറ്റ് വിതരണവും അക്കാദമിക് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള സ്റ്റുഡൻ്റ്സ് മെറിറ്റ് അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. 2023-24 വർഷത്തെ നിർമിതി കേന്ദ്രത്തിൻ്റെ റീജിയണൽ സെൻ്ററുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാർട്ടൺഹിൽ ഓഫീസിനുള്ള ഓഫീസ് ട്രോഫിയും മന്ത്രി സമ്മാനിച്ചു.യോഗത്തിൽ വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, ഫിനാൻസ് അഡൈ സർ അശോക് കുമാർ, ചീഫ് ടെക്നിക്കൽ ഓഫിസർ ശ്രീ സന്തോഷ് വി, യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here