മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധം; തിയറ്ററുകള്‍ അടച്ചിടണം; നിപ പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

വണ്ടൂര്‍ നടുവത്ത് 24 വയസ്സുകാരന്‍ മരിച്ചത് നിപ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറത്ത് പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്. ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം സ്ഥിരീകരിച്ച സോണുകളില്‍ കര്‍ശന നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ നാലു മുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളിലും മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്‌കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളില്‍ നബിദിന ഘോഷയാത്രകള്‍ മാറ്റിവയ്ക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
രോഗം ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. നിരീക്ഷണത്തിലുള്ള യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ നീരക്ഷണത്തില്‍ ആക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയാണ് മരിച്ച യുവാവ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന സഹപാഠികളും നിരീക്ഷണത്തിലാണ്. മലപ്പുറത്തെ മരണ വീട്ടില്‍ എത്തിയ 13 വിദ്യാര്‍ഥികളോട് കേരളത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേരെ ബെംഗളൂരുവിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നിരന്തരം നിപ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള കാര്യങ്ങളിലെല്ലാം ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here