കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തിയ നിപ്പയുടെ റൂട്ട് മാപ്പറിയാം
1998ല്‍ മലേഷ്യന്‍ കാടുകളിലുണ്ടായ എല്‍ നിനോ പ്രതിഭാസം അവിടുത്തെ ജീവികളുടെ ആവാസവ്യവസ്ഥയെ അതിഭീകരമായി ബാധിച്ചു. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഭൂമിയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് എല്‍ നിനോ പ്രതിഭാസം. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ചിരുന്ന വവ്വാല്‍, നരിച്ചീറ് തുടങ്ങിയ ജീവികളുടെ അന്നം മുടക്കി. ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസിന്റെ സാന്ദ്രത വര്‍ദ്ധിക്കുകയും അത് സ്രവങ്ങളിലൂടെ വിസര്‍ജ്ജിക്കുകയും ചെയ്തു. ഇത് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടര്‍ന്നു.
മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയതിനാല്‍ വൈറസ്സിനു നിപ്പ എന്ന പേര് വന്നു. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്ന നിപ്പ വൈറസിനു ജനിതകമാറ്റം സംഭവിച്ചതുകൊണ്ടാകം ഇത് മനുഷ്യരിലേക്കും പടര്‍ന്നത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുകയോ വവ്വാല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നെടുക്കുന്ന കള്ള് കുടിച്ചാലോ നിപ്പ വൈറസ് ബാധിക്കാം.
എങ്ങനെയൊക്കെ ശ്രദ്ധിക്കാം?
2018 ല്‍ കോഴിക്കോട് ജില്ലയെ ഭീതിയിലാക്കിയ നിപ്പയുടെ ഉറവിടം കണ്ടെത്താനാവാത്തത് ഇന്നലെ ജില്ലയില്‍ സ്ഥിരീകരിച്ച നിപ്പയ്ക്ക് വെല്ലുവിളിയാണ്. കടുത്ത പനി, തലകറക്കം, തലവേദന, ബോധക്ഷയം, ചുമ, വയറിളക്കം, ചര്‍ദി, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു രോഗിയെ കോമ അവസ്ഥയിലേക്ക് എത്തിക്കാനും നിപ്പയ്ക്ക് കഴിവുണ്ട്. അസുഖബാധിതരെ ശുശ്രുഷിക്കുന്നവര്‍ക്കും നിപ്പ വന്നു മരിച്ചവരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കും രോഗസാധ്യത കൂടുതലാണ്.
നിലവിലെ സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ മുന്‍കരുതല്‍. വവ്വാലുകളിലൂടെ പകരുന്നതിനാല്‍ അവ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. ശരീരശ്രവങ്ങളിലൂടെ പകരുന്നതിനാല്‍ സമ്പര്‍ക്കം ഒഴിവാക്കാനും മാസ്ക്ക് ഉപയോഗിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here