നിപ്പ വൈറസ്‌: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് സമ്പൂര്‍ണ്ണ പരാജയം, രോഗം പടരുന്നതിന്റെ കാരണത്തെക്കുറിച്ച് പഠനങ്ങളില്ലെന്ന് വിദഗ്ധര്‍

കോഴിക്കോട്: അഞ്ചു വര്‍ഷക്കാലമായി പിടിവിടാതെ തുടരുന്ന നിപ്പ വൈറസ്സിന്റെ ഉറവിടം കണ്ടെത്താനാകാത്തത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്. 2018 മേയില്‍ കോഴിക്കോട് പേരാമ്പ്രയിലാണ് നിപ്പ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത്. അന്ന് 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

രോഗം പടരുന്നതിന് കാരണമായി അക്കാലത്ത് വിദഗ്ധര്‍ പറഞ്ഞത് വവ്വാലുകളിലൂടെയാണ്‌ രോഗം മനുഷ്യരിലേക്ക് എത്തുന്നത് എന്നായിരുന്നു. 2021 ലും 2023 ലും രോഗം പടരുന്ന സാഹചര്യമുണ്ടായി. ഇത്തവണ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട്‌ ചെയ്തപ്പോഴാണ് ആരോഗ്യ വകുപ്പ് ഒന്നുണര്‍ന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറോളജി ഗവേഷണ കേന്ദ്രം മുൻ ഡയറക്ടര്‍ ഡോ. ജേക്കബ് ജോൺ പറഞ്ഞതുപോലെ കേരളത്തിനൊരു പബ്ലിക്‌ ഹെല്‍ത്ത്‌ വകുപ്പില്ല. നമുക്കൊരു ആരോഗ്യ വകുപ്പേയുള്ളൂ. രോഗപ്രതിരോധത്തില്‍ നേതൃത്വം നല്‍കേണ്ടത് പബ്ലിക്‌ ഹെല്‍ത്ത്‌ വകുപ്പാണ്. ആരോഗ്യ വകുപ്പ് രോഗം വന്ന ശേഷമുള്ള ചികിത്സയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ജേക്കബ്‌ ജോണ്‍ പറഞ്ഞു.

നിപ്പയുടെ മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇപ്പോഴും എങ്ങനെ, എവിടെ നിന്ന്, എന്നുള്ള, 2018 മുതലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വവ്വാലുകള്‍ കഴിച്ച പഴവര്‍ഗങ്ങള്‍ കഴിച്ചതുകൊണ്ടാകാം എന്നത് ഇപ്പോഴും ശാസ്ത്രീയമായി തെളിയിക്കപെട്ട വസ്തുതയല്ല. വവ്വാലുകള്‍ തന്നെയാണ് കഥയിലെ വില്ലന്‍ എങ്കില്‍ കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം വവ്വാലുകളുടെ ആവാസവ്യവസ്ഥയെ സാരമായിതന്നെ ബാധിക്കുന്നുണ്ട്.

നാലുവട്ടം നിപ്പ രോഗബാധ കോഴിക്കോടും പരിസരങ്ങളിലും ഉണ്ടായിട്ടും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചോ, എന്തുകൊണ്ട് ഈ രോഗം തുടരെത്തുടരെ പൊട്ടിപ്പടരുന്നു എന്നതിനെക്കുറിച്ചോ കാര്യമായ പഠനങ്ങളോ രോഗനിര്‍ണ്ണയ സര്‍വ്വേയോ ആരോഗ്യ വകുപ്പ് നടത്തുന്നില്ല.
ആരോഗ്യവകുപ്പിന്റെ മുന്‍ഗണനാക്രമങ്ങളില്‍ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നാണ് കരുതേണ്ടത്. ഏത് സീസണിലാണ് നിപ്പ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടത് എന്നുപോലും കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. 2018 മെയ്‌ മാസത്തിലും 2019 ജൂണിലും 2021 സെപ്റ്റംബറിലും 2023 ഓഗസ്റ്റിലുമാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. വവ്വാലുകളുടെ പ്രചാരണകാലം എപ്പോഴാണെന്ന കാര്യത്തിലും വ്യക്തതയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top