‘നിപ്പ’യിലെ കേരള മോഡൽ പഠിക്കാൻ ജപ്പാൻ; ആറംഗ സംഘം കോഴിക്കോട് ആസ്റ്റർ മിംസ് സന്ദർശിച്ചു

കോഴിക്കോട്: നിപ്പ പ്രതിരോധത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. ജപ്പാൻ സർക്കാര്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ സന്ദർശനം നടത്തി. നിപ്പ മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞ രോഗിയെ ജീവിതത്തിലേക്ക് മിംസ് മടക്കിക്കൊണ്ടുവന്നിരുന്നു. ആഗോള തലത്തില്‍ ഇത് ആദ്യ സംഭവമായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധിച്ചാണ് ജപ്പാൻ സംഘം മിംസില്‍ എത്തിയത്.

ജപ്പാനിലെ നാഷണൽ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിസിനിലെ (എൻസിജിഎം) മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഡോ. യുകിമാസ മറ്റ്സുസാവയുടെ നേതൃത്വത്തിലായിരുന്നു ആറംഗ സംഘം എത്തിയത്. ഡോ. ഷിനിചിറോ മോറിയോക്ക, ഡോ. യോഷിഹിരോ കാക്കു, ഡോ. ചിയാക്കി ഇകെന്യൂ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ.

ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികൾ ഇന്ത്യയിലെ ജപ്പാൻ എംബസി വഴി വിവരങ്ങൾ ശേഖരിക്കുകയും ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. എ.എസ് അനൂപ് കുമാറിനെ ബന്ധപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഐസിയു സംവിധാനങ്ങൾ ജപ്പാന്‍ സംഘം സന്ദർശിച്ചു.

നിപ്പ പരിശോധന ഫലങ്ങളും ചികിത്സാരീതികളും പരിശോധിച്ചു. ഡോക്ടർമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഭാവിയിൽ ഇത് പോലെയുള്ള മാരകമായ രോഗങ്ങൾ ഉണ്ടായാൽ പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകത ജപ്പാനിൽ പ്രതിനിധി സംഘം ചർച്ച ചെയ്തതായി ഡോ. അനൂപ് കുമാർ പറഞ്ഞു. മിംസിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച പ്രതിനിധി സംഘം ജപ്പാനിലെ ചികിത്സാരീതികള്‍ കണ്ട് മനസ്സിലാക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top