നിപ സംശയിക്കുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരം; റൂട്ട് മാപ്പ് തയ്യാറാക്കും; മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
മലപ്പുറത്ത് നിപ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരൻ്റെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പനി, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ആദ്യ സാംപിള്‍ പരിശോധന പോസിറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയും പോസിറ്റീവായിരുന്നു. ഇതോടെ കുട്ടിയെ ഐസലേഷനിലേക്ക് മാറ്റി. കൂടാതെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനക്ക് അയക്കുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.
നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ വേഗത്തിൽ ആരംഭിക്കാൻ യോഗം നിർദേഗം നൽകി. മന്ത്രി തന്നെ മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കുട്ടിയുടെ റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here