നിപയില്‍ ആശ്വാസം; ലഭിച്ച ഫലങ്ങളെല്ലാം നെഗറ്റീവ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച പതിനാലുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേരുടെ പരിശോധനഫലം നെഗറ്റീവായത് ആശ്വാസം. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 406 പേരാണുള്ളത്. കുട്ടിയുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. റൂട്ട് മാപ്പില്‍ പറയുന്ന സമയത്ത് ആ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. സമ്പര്‍ക്കപട്ടികയില്‍ വന്നവരില്‍ 139പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ ഉള്‍പെടെ 196 പേരാണ് ഹൈറിസ്‌ക്ക് വിഭാഗത്തിലുളളത്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തനാണ് യോഗം.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7200 ലധികം വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 439 പേര്‍ പനിബാധിതരാണ്. ഇതില്‍ 4 പേര്‍ കുട്ടിയുമായി സമ്പര്‍ക്കമുള്ളവരാണ്. കുട്ടി കഴിച്ച അമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here