കേരളത്തിൽ വീണ്ടും ‘നിപ മരണം’; കോഴിക്കോട് നടത്തിയ പരിശോധന പോസിറ്റീവ്

മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ 23 വയസുകാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് സംശയം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബംഗളുരുവിൽ പഠിക്കുന്ന വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഡോക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് യുവാവിൻ്റെ സാംപിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായി. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാൽ മാത്രമേ നിപ്പ മരണമെന്ന് സ്ഥിരീകരിക്കാനാവൂ. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ രണ്ടു മാസം മുമ്പ് 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. നടുവത്ത് നിന്ന് 10 കിലോമീറ്റർ ദൂരം മാത്രമാണ് ചെമ്പ്രശേരിയിലേക്കുള്ളത്.

2018 മെയ് 19നാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത്. പിന്നീട് വിവിധ സമയങ്ങളിലായി നാല് തവണ കേരളത്തിൽ നിപ ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം രോഗം കണ്ടെത്തിയ 2018 മെയ് മാസത്തിനും ജൂൺ ഒന്നിനും ഇടയിൽ 17 പേരാണ് മരണപ്പെട്ടത്. ഇക്കാലയളവിൽ മലപ്പുറം ജിലയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു 2021 ൽ പന്ത്രണ്ടുകാരനും 2023 ഓ​ഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.

ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ (Nipah). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർടിപിസിആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top