മുഖ്യമന്ത്രീ… ഞങ്ങളെ ആര് രക്ഷിക്കും? മലയോര കർഷകരുടെ നടുവൊടിച്ച് നിപ്പ, ലക്ഷങ്ങളുടെ പഴങ്ങൾ വിൽക്കാനാകാതെ നശിക്കുന്നു
കുറ്റ്യാടി: കോവിഡ് മഹാമാരിയിൽ നിന്നും ഒന്ന് തലയുയർത്താൻ സംസ്ഥാനത്തെ കർഷകർ ഒന്നുശ്രമിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ നിപ്പയുടെ വരവ്. പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ്പ കാരണമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലാണ് പുതിയ പ്രതിസന്ധിക്കു കാരണമാകുന്നത്. കോഴിക്കോടിന്റെ മലയോരപ്രദേശങ്ങളിലെ കൃഷിക്കാരുടെ പഴവർഗങ്ങൾ വിൽക്കാനാകാതെ നശിച്ചുപോകുന്ന അവസ്ഥയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കൃഷിക്കാരനും ഉണ്ടായിരിക്കുന്നത്. അശാസ്ത്രീയമായ നിഗമങ്ങളുടെ പേരിൽ തങ്ങളെ ദ്രോഹിക്കരുതെന്നാവശ്യപ്പെട്ടു കൃഷിക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
വിൽപനയ്ക്ക് പാകമായ റംബുട്ടാൻ പഴങ്ങൾ വിറ്റഴിക്കാനാകാതെ കുറ്റ്യാടി മുള്ളൻകുന്നിലെ കർഷകനായ ജോയി കണ്ണംചിറയാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ടുകൊണ്ടു പിണറായി വിജയന് കത്തയച്ചത്. കുറ്റ്യാടി മരുതോങ്കരയിൽ നിപ്പ മരണം സംഭവിച്ചതോടെ റംബുട്ടാൻ അടക്കമുള്ള പഴവർഗങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയായി. ലക്ഷക്കണക്കിനു രൂപയുടെ റംബുട്ടാൻ പഴങ്ങളാണ് ഇവിടെ നശിക്കുന്നത്. നിരവധി കർഷകർക്ക് നിപ്പയുടെ വരവ് ഇരുട്ടടിയായി.
ഒന്നേകാൽ ഏക്കർ ഭൂമിയിൽ റംബുട്ടാൻ കൃഷി ചെയ്തിരിക്കുന്നത് വിളവെടുക്കാനോ വില്പനനടത്താനോ ആകാത്ത സാഹചര്യമാണ്. പക്ഷികളുടെ ആക്രമണം തടയാൻ തോട്ടത്തിലെ മുഴുവൻ മരങ്ങളിലും വല വിരിച്ചാണ് തോട്ടം സംരക്ഷിക്കുന്നത്. കുറ്റ്യാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു ലോൺ എടുത്താണ് ജോയി മുള്ളൻകുന്ന് പള്ളിക്കു സമീപമുള്ള തോട്ടത്തിൽ റംബുട്ടാൻ വളർത്തിയത്. തന്റെ തോട്ടത്തിലെ രണ്ടു ലക്ഷം രൂപ വിലയുറപ്പിച്ചു വിറ്റതായിരുന്നു. എന്നാൽ നിപ്പ പൊട്ടിപ്പുറപ്പെട്ടുവെന്നറിഞ്ഞതോടെ ഒരു രൂപയ്ക്കുപോലും പഴങ്ങൾ വാങ്ങാൻ ആളില്ലാതെയായി. റബ്ബർ ഉൾപ്പടെയുള്ള കൃഷികൾ ലാഭകരമല്ലാതായതോടെയാണ് കർഷകർ പഴവർഗങ്ങൾ കൃഷിചെയ്യാൻ തുടങ്ങിയത്.
അഞ്ചുകൊല്ലത്തിനു ശേഷം നല്ല വിളവുകൾ ഇത്തവണ ലഭിച്ചു. ഈ വർഷം തൻറെ തോട്ടത്തിലെ പഴങ്ങൾക്ക് രണ്ടുലക്ഷം രൂപ വില പറഞ്ഞിരുന്നുവെന്ന് ജോയിയുടെ കത്തിലുണ്ട്. പാകമാകാത്തതിനാൽ അന്ന് കച്ചവടം നടത്താൻ സാധിച്ചില്ല. ഇപ്പോൾ പഴം പാകമായപ്പോൾ നിപ്പ വന്നതോടെ പഴക്കച്ചവടമേഖല സമ്പൂർണ്ണമായി തകർന്നു. പഞ്ചായത്ത് കണ്ടെയ്ൻമെൻറിലുമായി. പൂർണമായും പഴുത്ത പഴങ്ങൾ ആർക്കും വേണ്ടാതെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബങ്ങളും ഈ പഴവർഗങ്ങൾ തന്നെയാണ് ദിവസവും കഴിക്കുന്നത്. ഇവരിലാർക്കും നിപ്പ പിടിച്ച്തയി അറിവില്ല. പഴവർഗങ്ങളിൽ നിന്നു വവ്വാൽ മുഖാന്തരമാണ് രോഗം പടരുന്നതെന്ന നിഗമനത്തിനു എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ?, അത്തരത്തിലുള്ള വിവരങ്ങളൊന്നും തന്നെ കൃഷി വകുപ്പിൽനിന്നോ മറ്റു ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നോ കർഷകരെയാരും അറിയിച്ചിട്ടില്ല. മരുതോങ്കരയിൽ മരണമടഞ്ഞ വ്യക്തി ഏതുതരം പഴമാണ് കഴിച്ചതെന്നുപോലും ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
റംബുട്ടാൻ മാത്രമല്ല വാഴപ്പഴ വിപണിയിലും വലിയ തകർച്ചയാണ് ഉണ്ടായിട്ടുള്ളത്. കരിങ്ങാട്, പൊയിലോംചാൽ, പശുക്കടവ്, മരുതോങ്കര തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കർഷകർ ഏത്ത വാഴ, കദളി, ഞാലിപ്പൂവൻ കൃഷി ചെയ്യുന്നുണ്ട്. വാഴപ്പഴങ്ങൾക്ക് വില കൂടിവരുന്ന സമയത്താണ് ഈ ദുരന്തം വന്നത്. പ്രകൃതി ദുരന്തങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, കാട്ടുമൃഗ ശല്യം തുടങ്ങിയ നിരവധി വിഷയങ്ങളിൽ നടുവൊടിഞ്ഞ മലയോര കർഷകർക്ക് നിപ്പ വന്നതോടെ ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്.
കാട്ടുമൃഗങ്ങളുടെ ആക്രമണം സാരമായി ബാധിക്കാത്ത റംബുട്ടാൻ കൃഷി ഇവിടെ വ്യാപകമായിരുന്നു. പഴവർഗ വിപണിയിൽ സാമാന്യം തരക്കേടില്ലാത്ത വിലയും കൃഷിക്കാർക്ക് ലഭിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മറ്റു കൃഷികൾ ഇല്ലാതായതോടെ നവ രീതിയിലുള്ള കൃഷികൾ പരീക്ഷിക്കുന്ന സമയത്താണ് നിപ്പ മറ്റൊരു ഭീഷണിയായി കർഷകരുടെ ദുരിതം ഇരട്ടിപ്പിച്ചത്.
കാട്ടുപന്നികളാണ് നിപ്പ വാഹകരെന്ന റിപ്പോർട്ടുകളെക്കുറിച്ച് പഠനം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. നിപ്പബാധയുണ്ടായ പ്രദേശത്തോടു ചേർന്നുള്ള ജാനകിക്കാട്ടിൽ കാട്ടുപന്നികൾ ചത്തിട്ടുണ്ട്. ഇതേക്കുറിച്ച് പഠനം നടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഈ പ്രദേശത്ത് കാട്ടുപന്നികൾ ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന് ജോയി കണ്ണംചിറ ചൂണ്ടിക്കാട്ടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here