ക്യാൻസറിനെ കീഴടക്കുമെന്ന് നിഷാ ജോസ്.കെ.മാണി; രോഗലക്ഷണമില്ല; മാമോഗ്രാമിലാണ് തിരിച്ചറിഞ്ഞത്

കോട്ടയം: തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന് തുറന്ന് പറഞ്ഞും രോഗത്തെ പൊരുതി തോല്‍പ്പിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞും നിഷ ജോസ്.കെ മാണി. അപ്രതീക്ഷിതമായി വന്ന രോഗബാധ ഞെട്ടിച്ചെങ്കിലും കുടുംബത്തിന്‍റെ പിന്തുണയും ഉള്ളിലുള്ള ശക്തിയുമാണ് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള പ്രചോദനമെന്ന് നിഷ പറയുന്നു. സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് കാന്‍സറിനെതിരെയുള്ള തന്‍റെ പോരാട്ടത്തെക്കുറിച്ച് ജോസ്കെ.മാണി എംപിയുടെ ഭാര്യയായ നിഷ വിശദമാക്കുന്നത്.

”എല്ലാവര്‍ഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. ഇത്തവണ ഒക്ടോബറില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ തിരിച്ചറിയുന്നത്. അത് റിമൂവ് ചെയ്തു. ക്യാൻസറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ. എനിക്ക് രോഗത്തിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. എന്നാല്‍ മാമോഗ്രാം വഴി മാത്രം അത് കണ്ടുപിടിച്ചു.

ഞാന്‍ ഭാഗ്യവതിയാണ്. ജോസ് മുഴുവന്‍ സമയവും ആശുപത്രിയിലുണ്ടായിരുന്നു. കുടുംബവും ഒപ്പം നിന്നു. ദൈവം തന്ന ശക്തി ഉള്ളിലുള്ളതുകൊണ്ട് കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു”. നിഷ പറയുന്നു. കാന്‍സറിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി 2013-മുതല്‍ രോഗികള്‍ക്കൊപ്പം ഇവര്‍ സജീവമാണ്. പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

Logo
X
Top