ഇന്ത്യാമുന്നണിയുടെ കാറ്റൂരിവിട്ട് നിതീഷ്; ബീഹാറിൽ ജെഡിയു എൻഡിഎ സഖ്യത്തിലേക്ക്

പറ്റ്ന: ഓന്ത പോലും നാണിച്ചുപോവും വിധത്തിലാണ് ബിഹാർ മുഖ്യമന്ത്രി മുന്നണി മാറുകയും രാഷ്ടീയ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതെന്ന് ബിജെപി നേതാവും ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയുമായിരുന്ന സുശിൽ മോഡി അഭിപ്രായപ്പെട്ടത് ശരിയാണെന്ന് വീണ്ടും തെളിയുന്നു. അധികാരം നിലനിർത്താൻ ഏത് സഖ്യത്തിലും ഏർപ്പെടാൻ ഈ “സോഷ്യലിസ്റ്റിന്” ഒരു മടിയുമില്ല. 15 കൊല്ലം തുടർച്ചയായി ബീഹാർ ഭരിച്ച ലല്ലു പ്രസാദിൻ്റെ ‘ജംഗിൾരാജ് ഭരണത്തെ’ തൂത്തെറിഞ്ഞാണ് അഴിമതിരഹിത പ്രതിഛായയുള്ള, കുർമി സമുദായ നേതാവ് നിതീഷ് കുമാർ ഭരണം പിടിച്ചത്.

ഏറ്റവും ഒടുവിൽ ആർ.ജെ.ഡിയും കോൺഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാർ ബി.ജെ.പിയുമായി വീണ്ടും സഹകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ് ച ബിജെപിയുമായി ചേർന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് അഭ്യൂഹം. അതോടെ നിതീഷ് മുൻകൈയെടുത്ത് രൂപീകരിച്ച ഇന്ത്യാ മുന്നണിക്ക് ഏതാണ്ട് ഒപ്പീസ് ചൊല്ലിയ മട്ടാകും.

ഈ മാസം 30ന് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ്’ യാത്ര ബിഹാറിൽ പ്രവേശിക്കുമ്പോൾ നിതീഷ് കുമാർ പങ്കെടുക്കില്ല എന്നാണ് വിവരം. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ വഴി നിതീഷിനെ കോൺഗ്രസ് ഔദ്യോഗി കമായി ക്ഷണിച്ചെങ്കിലും ബിഹാറിൽ പ്രവേശിക്കുന്ന യാത്രയിൽ നിതീഷ് പങ്കാളിയാകില്ല എന്നാണ് ഇതുവരെയുമുള്ള സൂചന. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ വൈകുന്നതിൽ നിതീഷ് അസ്വസ്ഥനാണെന്നും ഇതാണ് യാത്രയിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ചർച്ചകളും നാടകങ്ങളും മുന്നണി മാറ്റത്തിലേക്കാ ണ് നയിക്കുന്നതെന്നാണ് കരുതുന്നത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാരിനെ നിതീഷ് കുമാർ പിരിച്ചുവിടും. ബിജെപി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ബിഹാർ മുൻ മുഖ്യമന്ത്രിയും പിന്നോക്കജാതിക്കാരുടെ മിശിഹ എന്നറിയപ്പെടുന്ന നേതാവുമായ കർപ്പൂരി താക്കൂറിന് ഭാരത രത്നം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് ബീഹാർ രാഷ്ടീയത്തെ കീഴ്മേൽ മറിച്ചത്. ചെറിയ ഇടവേളകൾ ഒഴിച്ചാൽ 2005 മുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നേതാവാണ് നിതീഷ് കുമാർ.

1996 വരെ ബിജെപി വിരുദ്ധ നിലപാടിൽ സ്വീകരിച്ച് സോഷ്യലിസ്റ്റ് ചേരിയിൽ ഉറച്ചുനിന്ന നിതീഷ് 1996 മുതൽ 2013 വരെ ബിജെപി നയിച്ച എൻഡിഎ മുന്നണിയിൽ അംഗമായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചതിനെ തുടർന്ന് 2013 അവസാനം എൻഡിഎ വിട്ട് യുപിഎയിൽ ചേർന്നു. 2015ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവുമായി ചേർന്ന് മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി അധികാരത്തിലേറി. എങ്കിലും 2017ൽ മഹാഗഡ്ബന്ധൻ വിട്ട് വീണ്ടും എൻഡിഎയുടെ ഭാഗമായി. അഞ്ച് വർഷത്തിന് ശേഷം 2022 ഓഗസ്റ്റ് 9ന് മുഖ്യമന്ത്രിപദം രാജിവച്ച് എൻഡിഎ സഖ്യം വിട്ടു. ഓഗസ്റ്റ് 10ന് വീണ്ടും മഹാഗഡ്ബന്ധൻ സഖ്യത്തിൽ ചേർന്ന് ആർജെഡി പിന്തുണയിൽ എട്ടാം പ്രാവശ്യവും ബീഹാർ മുഖ്യമന്ത്രിയായി. ഇപ്പോൾ വീണ്ടും എൻഡിഎയിൽ ചേർന്ന് ഒമ്പതാം വട്ടം മുഖ്യമന്ത്രിയാവാൻ ഒരുങ്ങുന്നു.

2000ത്തിലാണ് ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാത്തതെ വന്നതോടെ എട്ടാം ദിവസം രാജിവയ്ക്കേണ്ടി വന്നു. പിന്നീട് 2005ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിച്ച എൻഡിഎ സഖ്യം ബീഹാറിൽ അധികാരത്തിൽ എത്തിയതോടെയാണ് നിതീഷിന് 5 വർഷം കാലാവധി തികച്ച് ഭരിക്കാനായത്. 2010ലും വിജയം ആവർത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top