നയം വ്യക്തമാക്കി പ്രതിപക്ഷം; സമ്മേളനക്കാലം സര്‍ക്കാരിന് വലിയ വെല്ലുവിളി; മറുപടി നല്‍കാന്‍ മുഖ്യമന്ത്രി വിയര്‍ക്കേണ്ടി വരും

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അതികഠിനം. വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ് നില്‍ക്കുമ്പോള്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇത് ശക്തമായി നടപ്പാക്കി പ്രതിപക്ഷം നയം വ്യക്തമാക്കി കഴിഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വെട്ടിചുരുക്കിയത്. 18 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം 15 വരെയാക്കിയാണ് കുറച്ചത്.

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍, എഡിജി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, അവസാനമായി വന്ന പിആര്‍ ഏജന്‍സി വിവാദം ഇങ്ങനെ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. വിവാദങ്ങളില്‍ വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് രക്ഷപ്പെട്ടതോടെ സഭയില്‍ മറുപടി പറയിക്കാനുളള നീക്കങ്ങള്‍ പ്രതിപക്ഷം തുടങ്ങിയിരുന്നു. നേരിടാനുള്ള ആലോചനകള്‍ ഭരണപക്ഷവും നടത്തി.

വിവാദങ്ങളില്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ നീക്കം. എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ രേഖാമൂലം മറുപടി നല്‍കേണ്ട നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി സ്പീക്കര്‍ പ്രതിരോധിച്ചു. എന്നാല്‍ ആദ്യ ദിനം തന്നെ ഇത് ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ചോദ്യങ്ങല്‍ തരം മാറ്റിയതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെ തന്നെ ആക്രമിച്ചു. ഇതോടെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി എംബി രാജേഷും സ്പീക്കറെ പ്രതിരോധിക്കാന്‍ എത്തി. ഇരുവര്‍ക്കും പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയതോടെ ബഹളമായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയില്‍ പിടിച്ച് കുലുക്കുന്ന നിലയില്‍ വരെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചതെന്ന സ്പീക്കറുടെ റൂളിംഗും പ്രതിപക്ഷം അംഗീകരിച്ചില്ല. പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശമാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫാണ് നോട്ടീസ് നല്‍കിയത്. താനും സര്‍ക്കാരും മുസ്ലിം വിരുദ്ധനാണെന്ന പ്രചരണം നേരിടാനുളള സുവര്‍ണ്ണാവസരം എന്ന നിലയില്‍ നോട്ടീസില്‍ ചര്‍ച്ചയാകാം എന്ന നിലപാട് മുഖ്യമന്ത്രി സഭയെ അറിയിച്ചു. 12 മണിക്ക് ചര്‍ച്ചയും നിശ്ചയിച്ചു. എന്നാല്‍ ഇത് മനസിലാക്കി തന്നെയാണ് ചോദ്യങ്ങള്‍ തരംമാറ്റി എന്ന വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. അതിനെ ഒളിച്ചോട്ടം എന്ന് പറഞ്ഞ് നേരിടാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്.

വരും ദിവസങ്ങളിലും സഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പിക്കുന്നതാണ് ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഭരണപക്ഷം വിയര്‍ക്കുകയാണ്. മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് മറുപടി നല്‍കേണ്ട അവസ്ഥയാണ് സഭയിലെ കാഴ്ച. എഡിജിപി അജിത് കുമാറിനെതിരെ പേരിനൊരു നടപടി സ്വീകരിച്ചാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. എന്നാല്‍ അത് ഉന്നയിച്ച് മേനി നടിക്കാനുള്ള ഒരു അവസരം മുഖ്യമന്ത്രിക്ക് പ്രതിപക്ഷം നല്‍കിയതുമില്ല.

ആരോപണങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ച് ആക്രമിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പല വിവാദങ്ങളില്‍ ഭരണ മുന്നണിക്ക് ഉള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ ചില ചാവേറുകളായ എംഎല്‍എമാരല്ലാതെ ഭരണപക്ഷത്തും ശബ്ദം കുറവാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top