മുഖ്യമന്ത്രിക്കെതിരെ മറ്റൊരു ഇടത് സ്വതന്ത്രൻ; ‘ഭരണം മക്കൾക്കും മരുമക്കൾക്കും വേണ്ടി’യെന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി തിരൂരങ്ങങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്ത്. ‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ ഫെയ്സ് ബുക്കിലാണ് കുറ്റപ്പെടുത്തൽ. നിലവിൽ സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗമാണ് നിയാസ്. പേരെടുത്ത് പറയാതെയാണ് പിണറായിക്ക് നേരെ ഇടതു നേതാവിൻ്റെ ഒളിയമ്പ്. രണ്ട് തവണ ഇടതു സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് നിയാസ്. 2021ല്‍ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിനോടാണ് പരാജയപ്പെട്ടത്

പാർട്ടിയെ സ്വന്തം ഗ്രൂപ്പിനും കുടുംബത്തിനും അടിയറവച്ചു. അധികാരമുള്ളമ്പോൾ ഭാവി സുരക്ഷിതമാക്കാൻ അഴിമതി കാണിക്കുന്നു എന്നൊക്കെയുള്ള രൂക്ഷ വിമർശനമാണ് മുൻ ഇടത് സ്ഥാനാർത്ഥി നടത്തിയിരിക്കുന്നത്. മക്കളുടെയും മരുമക്കളുടേയും ഭാവി സംരക്ഷിക്കാൻ പാർട്ടിയെ ഒറ്റക്കൊടുത്തവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾല്ലെങ്കിൽ അണികൾ പ്രതികരിക്കും. രാജാവ് നഗ്നനാണെണ് ഭാവിയില്‍ പ്രവർത്തകർ ചൂണ്ടിക്കാട്ടുമെന്നും നിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിയാസ് പുളിക്കലകത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം

“രാജാവ് നഗ്നനാണ്”

പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്‍റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?

തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുടുചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് “രാജാവ് നഗ്നനാണെന്ന്” വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്.

സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല, മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top