കൃഷ്ണദാസിൻ്റെ മിണ്ടാട്ടംമുട്ടിച്ച് ഗോവിന്ദൻ; പെട്ടി വെറുംപെട്ടിയല്ലെന്ന് പ്രതികരണം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വയനാടിനേക്കാള്‍ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാര്‍ത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ ഇ ശ്രീധരന് കിട്ടിയ വോട്ട് ഇത്തവണ ബിജെപിക്ക് കിട്ടില്ല. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. എല്‍ഡിഎഫ് മുന്നേറുമെന്നും ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷം ബാഗിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല. യാദൃശ്ചികമായി വന്ന പ്രശ്‌നമാണ്. അത് ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണ്. ഐഡി കാര്‍ഡ് ഉണ്ടാക്കിയത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിന് പ്രത്യേകം തെളിവ് വേണ്ട. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല, പ്രധാന വിഷയമാണെന്നും ഗോവിന്ദൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ട്രോളി വിവാദം യുഡിഎഫിന് തിരിച്ചടിയാണ്. ട്രോളി ബാഗുള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അത് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എന്‍ കൃഷ്ണദാസിനെ തിരുത്തുമോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ എംവി ഗോവിന്ദന്‍ തയ്യാറായില്ല. എന്നാൽ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


കള്ളപ്പണവും ട്രോളിയും തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന സിപിഎം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിന്‍റെ നിലപാട് കൃഷ്ണദാസ് തള്ളിയിരുന്നു. ട്രോളി വിവാദം ട്രാപ്പാണെന്നും അതിൽ വീഴരുതെന്നും സിപിഎം സംസ്ഥാന കമ്മറ്റിയംഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സിപിഎം അല്ല, പോലീസ് ആണ്. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിലെ വിഷയമെന്നായിരുന്നു കൃഷ്ണദാസ് ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിരുന്നത്.

എന്നാൽ ട്രോളി ബാഗ്‌ വിവാദത്തില്‍ ഇന്ന് പ്രതികരണം നടത്താൻ കൃഷ്ണദാസ് തയ്യാറായില്ല. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ മറുപടി പറയുന്നതില്‍നിന്ന് കൃഷ്ണദാസ് വിട്ടുനിന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top