ട്രോളി ബാഗ് വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നത; കൃഷ്ണദാസിനെ തള്ളി പാലക്കാട് സിപിഎം നേതൃത്വം
പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തെ തള്ളി രംഗത്തുവന്ന മുതിര്‍ന്ന നേതാവ് എന്‍.എന്‍.കൃഷ്ണദാസിനെതിരെ പാലക്കാട് സിപിഎം ജില്ലാ നേതൃത്വം. പാലക്കാട് ഹോട്ടലില്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നതില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
മഞ്ഞപ്പെട്ടി, നീലപ്പെട്ടി ചര്‍ച്ച കണ്ണില്പ്പൊടിയിടാനെന്നും ജനകീയ പ്രശ്നങ്ങളാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടതെന്നുമുള്ള കൃഷ്ണദാസിന്റെ വാദത്തെ തള്ളിയാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തിയത്. പാലക്കാട്ടെ കള്ളപ്പണ ഇടപാട് ഒരു തിരഞ്ഞെടുപ്പ് പ്രശ്നമാണെന്നതില്‍ ഉറച്ചുനിന്നാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.
സിപിഎമ്മില്‍ പാലക്കാട് വിമത പരിവേഷത്തില്‍ നില്ക്കുന്ന നേതാവാണ് കൃഷ്ണദാസ്. മന്ത്രി എം.ബി.രാജേഷിനും ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനുമൊക്കെ എതിരായ നിലപാടാണ് പലപ്പോഴും കൃഷ്ണദാസ് സ്വീകരിക്കാറുള്ളത്. പാലക്കാട് ട്രോളി ബാഗ് വിവാദം മുറുകുമ്പോഴും മറ നീക്കുന്നത് സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പോര് കൂടിയാണ്. കൃഷ്ണദാസിന്റെ പ്രതികരണത്തിനു തൊട്ടുപിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്.
“യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫിയുടെ കാറിലാണ് കയറിയത്. എന്നാല്‍ കാറില്‍ ഷാഫി കയറിയിട്ടില്ല. അദ്ദേഹം വസ്ത്രമുണ്ടെന്ന് പറഞ്ഞ ട്രോളി ബാഗ് മറ്റൊരു കാറിലാണ് കയറ്റിയത്. ഇതിലൊക്കെ അസ്വഭാവികതയുണ്ട്. ഈ വാദം വിശ്വസനീയമല്ല. – സുരേഷ് ബാബു പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കാറില്‍ കയറിയ ഹോട്ടലിനു സമീപത്താണ് പ്രസ് ക്ലബ്. പ്രസ് ക്ലബില്‍ ഇറങ്ങാന്‍ വേണ്ടി ഒരു കാറില്‍ കയറി. അതിനു ശേഷം വേറെ ഒരു കാറില്‍ കയറി. ഇതൊക്കെ സിനിമകളില്‍ കാണുന്ന ദൃശ്യങ്ങള്‍ പോലെയാണ്. തന്റെ കാര്‍ സര്‍വീസിന് നല്കേണ്ടിയിരുന്നു. അതിനാല്‍ സുഹൃത്തിന്റെ കാറിലാണ് കോഴിക്കോടേക്ക് പോയത് എന്നാണ് രാഹുല്‍ പറഞ്ഞത്.”
“കള്ളപ്പണ വിവാദത്തിലെ വസ്തുത അന്വേഷണത്തില്‍ വെളിയില്‍ വരും. കള്ളപ്പണം വന്നു എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തുവിട്ടതാണ്. കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.” – സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് നശിച്ച അവസ്ഥയിലാണ്. ജനകീയ പ്രശ്നങ്ങള്‍ ഒട്ടുവളരെയുണ്ട്. അതാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ട്രോളി ബാഗ് വിവാദമൊന്നുമല്ല എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. “നഗരസഭ ബിജെപി ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്. ഇതല്ലേ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ ബിജെപിയും കോണ്‍ഗ്രസും തോല്‍ക്കും.” -കൃഷ്ണദാസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here