കേസെടുത്തയുടൻ അൻവർ അകത്ത്; കേസെടുത്ത് കോടതി തടവിന് ശിക്ഷിച്ചിട്ടും ആലപ്പുഴ ഡിവൈഎസ്പിക്ക് ഇളക്കമില്ല!! ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ നീതി

കസ്റ്റഡിമർദ്ദനക്കേസിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിനെ കോടതി ശിക്ഷിച്ചത് കഴിഞ്ഞ ഡിസംബർ പത്തിന്. ഒരുമാസം തടവുശിക്ഷയും 500 രൂപ പിഴയുമാണ് ശിക്ഷ. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയും കോടതി തള്ളി. പകരം, തടവിലിടുന്നത് മാത്രം സ്റ്റേ ചെയ്തു. പക്ഷെ ശിക്ഷ നിലനിൽക്കുകയയുമാണ്. ഒരുമാസം എത്താറാകുമ്പോഴും ആലപ്പുഴ ഡിവൈഎസ്പിയുടെ കസേരക്ക് ഇതുവരെ ഇളക്കമുണ്ടായിട്ടില്ല. രാഷ്ട്രീയ പിൻബലമുള്ള മധുബാബുവിൻ്റെ കാര്യത്തിൽ നാളിതുവരെ ഒരു ഫയൽ പോലും ആഭ്യന്തരവകുപ്പിൽ നിന്ന് നീങ്ങിയിട്ടില്ല.

ഏത് ആഭ്യന്തരവകുപ്പ്? സർക്കാരിൻ്റെ ഭാഗമായ വനംവകുപ്പിൻ്റെ കെടുകാര്യസ്ഥതയിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച എംഎൽഎയായ നേതാവിനെ രാത്രി വീടുവളഞ്ഞ് പിടികൂടി ശുഷ്കാന്തി തെളിയിച്ച അതേ ആഭ്യന്തരവകുപ്പ് തന്നെ. അതെ, സഖാവ് പിണറായി വിജയൻ നയിക്കുന്ന പോലീസ് വകുപ്പ്!! വേറെയും കസ്റ്റഡിമർദ്ദന കേസുകളിൽ പ്രതിസ്ഥാനത്തുള്ള ഈ ഉദ്യോഗസ്ഥനെ ആലപ്പുഴ പോലെ സുപ്രധാന സ്ഥലത്ത് പ്രതിഷ്ഠിച്ചത് ഇതേ ആഭ്യന്തരവകുപ്പ് തന്നെയാണ്. ഈ നിയമനം നേടിക്കൊടുത്ത ഭരണകക്ഷി എംഎൽഎ തന്നെയാണ് ഇപ്പോഴും എംആർ മധുബാബുവിന് സംരക്ഷണം ഒരുക്കുന്നത്.

2012ൽ മറ്റൊരു കസ്റ്റഡിമർദ്ദന കേസിലും ചേർത്തല കോടതി ഇയാളെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. അതിന്മേലുള്ള അപ്പീൽ ഹൈക്കോടതിയിലിരിക്കെ ആണ് വീണ്ടും സമാന കേസുകളിൽ ഉൾപ്പെടുന്നത്. ഒരു കൊലക്കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ഹൈക്കോടതി നിർദേശപ്രകാരം ഡിവൈഎസ്പി തസ്തകയിൽ നിന്ന് സിഐയാക്കി തരംതാഴ്ത്തിയ ചരിത്രം കൂടിയുണ്ട് ഇയാൾക്ക്. ക്രമസമാധാന ചുമതല നൽകരുതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായതിനാല്‍ 2014 മുതല്‍ മാറ്റിനിര്‍ത്തിയ ശേഷം 2022ലാണ് തൊടുപുഴയിൽ നിയമനം നേടിയത്. അവിടെ ഹൃദ്രോഗിയായ ഒരാളെ ഡിവൈഎസ്പി ഓഫീസിലിട്ട് മർദ്ദിച്ചതിൻ്റെ പേരിലും പരാതിയുയർന്നു.

Also Read: ഡിവൈഎസ്പിക്ക് തടവുശിക്ഷ!! കസ്റ്റഡി പീഡനക്കേസിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് ഉടനടി സസ്പെൻഷൻ, പിന്നെ ജയിൽ

2006ല്‍ ചേര്‍ത്തല എസ്‌ഐ ആയിരിക്കെ സിദ്ധാര്‍ഥ് എന്ന യുവാവിനെ കസ്റ്റഡിയില്‍ നഗ്നനാക്കി മര്‍ദിച്ചതിൻ്റെ പേരിലാണ് ഏറ്റവും പുതിയ തടവുശിക്ഷ. ജാമ്യത്തിലിറക്കാൻ എത്തിയ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലിട്ട് മര്‍ദിച്ചു. അടിയില്‍ കര്‍ണ്ണപടം പൊട്ടി. പ്രദേശത്തെ ഒരു ചകിരി ഫാക്ടറി കായലിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ സിദ്ധാര്‍ഥ് കോടതിയെ സമീപിച്ചിരുന്നു. ഈ ഫാക്ടറിയുടമക്ക് വേണ്ടിയാണ് മധുബാബുവിൻ്റെ നേതൃത്വത്തിൽ പോലീസുകാർ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഏതായാലും ഇത്ര മികച്ച ട്രാക്ക് റെക്കോർഡുള്ള ആളെയാണ് ആലപ്പുഴയിലെ പോലീസിനെ നയിക്കാൻ ആഭ്യന്തര വകുപ്പ് നിയോഗിച്ചിരിക്കുന്നത് എന്നതാണ് കൌതുകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top