പാര്‍ലമെന്‍റില്‍ ഇരട്ടനീതി; അക്രമികൾക്ക് പാസ് നല്‍കിയ ബിജെപി എംപി സഭക്കുള്ളില്‍ തന്നെ, പ്രതിഷേധിച്ചവര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹി: പാര്‍ലമെന്‍റില്‍ ആക്രമണം നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴും അക്രമികൾക്ക് ഉള്ളിൽ കടക്കാൻ പാസ് എടുക്കാൻ വഴിയൊരുക്കിയതായി സംശയിക്കുന്ന പ്രതാപ് സിംഹ എംപിക്കെതിരെ നടപടിയില്ല. മൈസൂർ-കുടകിൽ നിന്നുള്ള ബിജെപിയുടെ പാർലമെൻ്റംഗം പ്രതാപ് സിംഹയുടെ പേരിലുള്ള പാസാണ് ഉപയോഗിച്ചതെന്ന് തെളിയിക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ നിന്ന് പിടിച്ചെടുത്ത പാസിന്റെ ചിത്രങ്ങള്‍ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എംപിയാണ് പുറത്തുവിട്ടത്. പ്രതാപ്‌ സിംഹ ഇത് സമ്മതിച്ചിട്ടില്ല. എന്നാൽ അക്രമികളില്‍ രണ്ടുപേർ പാസിനായി തൻ്റെ ഓഫീസില്‍ വന്നിരുന്നെന്ന് അദ്ദേഹം പാര്‍ലമെന്‍റില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

അതേസമയം ഈ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാരെയാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഭരണപക്ഷ അംഗങ്ങളോടും പ്രതിപക്ഷത്തോടും രണ്ടുതരം സമീപനമാണ് സ്പീക്കര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനം വീണ്ടും ശക്തമാകുകയാണ്. ലോക്സഭയിലെ 14 പേരെയും രാജ്യസഭയിലെ ഒരാളെയുമാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യാ ഹരിദാസ്‌, ബെന്നി ബെഹനാന്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ 15 പേരെയാണ് ശീതകാല സമ്മേളനത്തിന്റെ ഇനിയുള്ള സെഷനുകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് സ്പീക്കര്‍ താക്കീത് ചെയ്തത്.

ഈ പാർലമെൻ്റ് സമ്മേളനത്തില്‍ തന്നെയാണ് സഭയിൽ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയത്. പണം വാങ്ങിയതായി തെളിവ് ഇല്ലാതിരുന്നിട്ടും മഹുവയെ പുറത്താക്കിയതില്‍ പ്രതിഷേധം ശക്തമാണ്. തൻ്റെ പാർലമെൻ്റ് പ്രൊഫൈൽ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും സുഹൃത്തായിരുന്നയാൾക്ക് മഹുവ നൽകി എന്നത് മാത്രമാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്. ഇങ്ങനെയെല്ലാം അംഗങ്ങളോട് കടുത്ത സമീപനം സ്വീകരിക്കുന്ന സഭയും സ്പീക്കറുമാണ് വന്‍ സുരക്ഷാവീഴ്ചക്ക് വഴിയൊരുക്കിയ ബിജെപി എംപിയോട് ഇപ്പോഴും മൃദുസമീപനം സ്വീകരിക്കുന്നത് എന്നതാണ് വിമർശനം കൂടുതൽ ശക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top