ദിവ്യയെ ചേർത്തു പിടിച്ച് താത്വിക ന്യായങ്ങളുമായി സിപിഎം; നടപടി ഉടനില്ലെന്ന് ഉറപ്പായി
കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പാർട്ടി നടപടികൾ ഉടൻ ഉണ്ടാവില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഈ പ്രശ്നം ചർച്ച ആയില്ല എന്നാണ് റിപ്പോർട്ട്. ദിവ്യ ജില്ലാ കമ്മറ്റി അംഗമാണ്.
ദിവ്യയെ സംരക്ഷിക്കില്ലായെന്ന് പാർട്ടി നേതാക്കൾ ആവർത്തിക്കുമ്പോഴും ഏതറ്റം വരെയും പോയി അവരെ സംരക്ഷിക്കുമെന്നാണ് പാർട്ടിയുടെ നിലപാട് സുചിപ്പിക്കുന്നത്. എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തിനോടൊപ്പമാണെന്ന് നേതാക്കൾ തരാതരം പോലെ പറയുന്നുണ്ടെങ്കിലും ദിവ്യയെ വിട്ടൊരു കളിയുമില്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.
പത്തനംതിട്ട സിപിഎം ജില്ലാകമ്മറ്റി നവീന്‍റെ കുടുംബത്തിനോടൊപ്പമാണെന്ന് പറയുമ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ ഈ നിലപാട്. പാർട്ടി സമ്മേളന കാലത്ത് അച്ചടക്ക നടപടികൾ എടുക്കാറില്ല എന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് തടി തപ്പാനാണ് സിപിഎം സംസ്ഥാന നേതൃത്വവും ശ്രമിക്കുന്നത്. പൊതുജനവികാരം ദിവ്യയ്ക്കും പാർട്ടിക്കുമെതിരെ ഉയർന്നിട്ടും അതൊക്കെ അവഗണിച്ച് ദിവ്യയ്ക്കൊപ്പം നിൽക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെങ്കിലും പാർട്ടി തലത്തിൽ നടപടി ഉണ്ടായില്ല.
എഡിഎമ്മിനെ കരുതിക്കൂട്ടി അധിക്ഷേപിക്കാനാണ് ദിവ്യ ശ്രമിച്ചതെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നിട്ടും അവർക്ക് സംരക്ഷണ കവചമൊരുക്കാനുള്ള പാർട്ടി തീരുമാനം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ഭയപ്പെടുന്നുണ്ട്.
തങ്ങളുടെ ജീവിതം തകർത്ത പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത് വന്നതും പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെങ്കിലും ദിവ്യയെ കൈവിടാൻ പാർട്ടി ഒരുക്കമല്ലെന്നാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തെളിയിക്കുന്നത്. ഇരക്കൊപ്പമാണെന്ന് കൊട്ടിഘോഷിക്കുമ്പോഴും വേട്ടക്കാരനെ പിന്തുണയ്ക്കുന്നതിന് താത്വിക പരിവേഷം നൽകാനും നേതാക്കൾ പരിശ്രമിക്കുന്നുണ്ട്. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാ എന്ന് പിണറായി വിജയൻ പാർട്ടിയെക്കുറിച്ച് പറഞ്ഞത് വളരെ വളരെ പരമാർത്ഥമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here