വന്ദന വധത്തിൽ സിബിഐയുടെ ആവശ്യമില്ല; എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചിട്ടുണ്ട്; നിയസഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഈ സംഭവത്തില്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. സംഭവത്തില്‍ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്യേണ്ട നടപടികള്‍ കാലതാമസം ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണ്. കേസന്വേഷണം തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലുമാണ് ഹൈക്കോടതി ഹര്‍ജി തള്ളിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വന്ദന പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്റെ സേവനമുള്‍പ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മെയ് പത്തിനാണ് ഡോ.വന്ദന ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച എസ്.സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. പോലീസുകാര്‍ക്കുള്‍പ്പെടെ പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പ്രതിയെ പിടികൂടിയെങ്കിലും പോലീസിന്റെ വീഴ്ചയാണ് മകളുടെ മരണത്തിന് കാരണമായതെന്നും ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്നും ആരോപിച്ചാണ് വന്ദനയുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top