മദ്യനയത്തിലെ മാറ്റം അടിസ്ഥാനരഹിതം; ചര്‍ച്ചകളെ വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നു; ബാര്‍ക്കോഴയില്‍ മന്ത്രിമാരെ സുരക്ഷിതരാക്കി ചീഫ് സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിലെ മാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ചീഫ്‌സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പ്. ഡ്രൈഡേ ഒഴിവാക്കുമെന്നത് അടക്കമുള്ള രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി വി.വേണു വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ വ്യാഖ്യാനിച്ചുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മാര്‍ച്ച് ഒന്നിന് നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
ഇതില്‍ ഒന്നാം തീയതി ഡ്രൈഡേ ആയിരിക്കുമ്പോൾ മദ്യവില്‍പ്പന ഇല്ല എന്നതിനൊപ്പം ടൂറിസം മേഖലയിലെ നഷ്ടവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ കുറിപ്പ് സമര്‍പ്പിക്കാന്‍ ടൂറിസം സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് ടൂറിസം വകുപ്പ് ചര്‍ച്ചകള്‍ നടത്തിയത്. ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യം നേരത്തേ മുതല്‍ ടൂറിസം മേഖലയിലുള്ളവര്‍ ഉന്നയിച്ചിരുന്ന കാര്യമാണ്. ഇതില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഈ ചര്‍ച്ചകളും ആലോചനകളും ഉദ്യോഗസ്ഥതലത്തില്‍ മാത്രം നടന്നിട്ടുള്ളതാണ്. ഇതിനെയാണ് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ആരോപിച്ചു.
ബാര്‍ക്കോഴ ആരോപണത്തില്‍ പ്രതിപക്ഷം അടക്കം ആരോപണ നിഴലില്‍ നിർത്തിയിരിക്കുന്ന എക്‌സൈസ് മന്ത്രി എംബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ സുരക്ഷിതരാക്കിയുള്ള അത്യപൂര്‍വ്വമായ വാര്‍ത്താക്കുറിപ്പാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here