നിലപാടിലുറച്ച് ശശി തരൂർ; ‘കേന്ദ്രം നന്നായി ചെയ്താൽ പിന്തുണക്കും, ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ’

പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച ലേഖനത്തിലും തൻ്റെ നിലപാട് ആവർത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അഭിപ്രായത്തിൽ മാറ്റമില്ലെന്നും, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോൾ സര്‍ക്കാരുകളെ പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. തൻ്റെ ലേഖനം ഇത്രയധികം വായിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ കാണണം. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. ആ നിലപാടിൽ മാറ്റമില്ല. കേന്ദ്രമായാലും കേരളമായാലും നന്നായി ചെയ്യുമ്പോൾ പിന്തുണക്കാൻ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. കേരളത്തിലെ വ്യവസായ വകുപ്പിനെക്കുറിച്ച് താൻ ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വരണമെന്നാണ് ലേഖനത്തിൽ പറഞ്ഞതെന്നും വിശദീകരിച്ച് കോൺഗ്രസിൽ കല്ലുകടിയുണ്ടാക്കിയ നിലപാടിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ലെന്ന് തരൂർ വ്യക്തമാക്കി.

കുറെ വര്‍ഷങ്ങളായി കേരളത്തിന്‍റെ അവസ്ഥ വളരെ മോശമാണ്. ഇപ്പോള്‍ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ആര് തയ്യാറായോ അത് സ്വീകരിക്കണം. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

വിദേശകാര്യ വിഷയങ്ങളിൽ രാജ്യതാല്‍പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്‍പര്യം പാടില്ല. ഇതാണ് തന്‍റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. തെറ്റുകൾ നമ്മള്‍ ചൂണ്ടികാണിക്കണം. ചില വിഷയങ്ങളിൽ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് അതിനെ രാഷ്ട്രീയത്തിന് അതീതമായി പിന്തുണയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. മോദി-ട്രംപ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും തരൂര്‍ ഉറച്ചു നിന്നു. താൻ കേരളീയനായിട്ടും ഭാരതീയനായിട്ടും ചിന്തിക്കുന്ന വ്യക്തിയാണെന്ന് ശശി തരൂര്‍ പറഞ്ഞു.

തന്‍റെ പ്രസ്താവനയോട് യോജിക്കാത്ത നേതാക്കളുടെ അഭിപ്രായത്തിൽ യാതൊരു പ്രശ്നവുമില്ല. താൻ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവല്ല. വ്യക്തിപരമായാണ് താൻ കാര്യങ്ങള്‍ പറയുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും തരൂർ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴാണ് തരൂരിന്‍റെ പ്രശംസ. മോദി- ട്രംപ് പ്രസ്താവനകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകും എന്നുമാണ് തരൂര്‍ പറഞ്ഞത്.

നിക്ഷേപം ആകര്‍ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ നടപടികളെയും അഭിനന്ദിച്ച ശശി തരൂരിൻ്റെ ലേഖനം ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം രംഗത്ത് എത്തിയതോടെയാണ് വിവാദമായത്. വ്യവസായ മന്ത്രി പി രാജീവ് തരൂരിനെ തിരിച്ചും അഭിനന്ദിച്ചു. ദേശാഭിമാനി ഒന്നാം പേജിൽ വാർത്തയും റിപ്പോർട്ട് ചെയ്തു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് ദിനപത്രത്തിലാണ് തരൂർ ലേഖനം എഴുതിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top