പി ശശിക്കെതിരെ പരാതിയില്ല, അന്വേഷണവും; അന്‍വറിന്റെ പരാതി ഉദ്യോഗസ്ഥലത്തില്‍ അന്വേഷിക്കും; ജലീലിനും വിമര്‍ശനം

പിവി അൻവർ ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ ഇതാദ്യമായി നിലപാട് വ്യക്തമാക്കി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പരാതി ഇല്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ല. പിവി അന്‍വര്‍ ശശിക്കെതിരെ പരാതി നല്‍കിയിട്ടില്ല. ആര്‍ക്കെതിരെ പരാതി കിട്ടിയാലും സിപിഎം പരിശോധിക്കും. അതാണ് പാര്‍ട്ടിയുടെ രീതി. അന്‍വറിന്റെ പരാതിയും പാര്‍ട്ടി വിശദമായി പരിശോധിച്ചതായും ഗോവിന്ദന്‍ വ്യക്തമാക്കി.

അന്‍വറിന്റെ പരാതിയില്‍ ഭരണതലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നാണ് സിപിഎം നിലപാട്. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണ് അന്‍വര്‍ ഉന്നയിച്ചത്. അത് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ ഡിജിപിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷം പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പിവി അന്‍വര്‍ പരാതി ഉന്നയിക്കേണ്ടത് ഈ രീതിയില്‍ അല്ലായിരുന്നു എന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കെടി ജലീല്‍ എംഎല്‍എയേയും ഗോവിന്ദന്‍ വിമര്‍ശിച്ചു. അഴിമതി ഇല്ലാതാക്കാന്‍ ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് വേണ്ടെന്നായിരുന്നു പ്രതികരണം. എഡിജിപിയെ മുന്നില്‍നിര്‍ത്തി ആർഎസ്എസുമായി ബന്ധമുണ്ടാക്കിയെന്ന ആരോപണം അസംബന്ധമാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിനെ ദത്തെടുത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടത്തിയവരാണ് ആര്‍എസ്എസുകാര്‍. ആര്‍എസ്എസുമായി തൃശൂരില്‍ ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്.

നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചതും അങ്ങനെയാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ബിജെപി കേരളത്തില്‍ ജയിക്കുന്നതിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ എഡിജിപി-ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിൻ്റെ പത്രാധിപര്‍ മോഹനവര്‍മ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേദിവസം തന്നെയാണ് പ്രതിപക്ഷ നേതാവ് ഈ കള്ളപ്രചാരവേല നടത്തുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top