കാടിറങ്ങിയ വന്യജീവികൾ നാട്ടിൽ തന്നെ; കടുത്ത ഭീഷണി, പിടികൂടാനോ തിരിച്ചയക്കാനോ കഴിയാതെ വനം വകുപ്പ്; നിവൃത്തികേടെന്ന് മന്ത്രി

കാടിറങ്ങിയ വന്യജീവികള്‍ തിരികെ പോകാത്തത് വനംവകുപ്പിന് സ്ഥിരം തലവേദനയാകുന്നു. പുലിയും കടുവയും ആനയുമെല്ലാം നാട്ടിൽ സ്വൈര്യവിഹാരം നടത്തുമ്പോൾ വനാതിർത്തികളിൽ കഴിയുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ വകുപ്പിന്റെ നിലവിലെ സംവിധാനങ്ങൾ മതിയാകാത്ത അവസ്ഥയാണ്. മൂന്നാറിലും വയനാട്ടിലും പല പ്രദേശങ്ങളിലും രാത്രി വൈകിയാല്‍ വീടെത്താന്‍ പേടിക്കണം. അത്രയും രൂക്ഷമാണ് നിലവിലെ അവസ്ഥ. മൂന്നാറില്‍ ഇറങ്ങിയ പുലികള്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊന്നിട്ടുണ്ട്. ആനകള്‍ നിരന്തരം കൃഷിനാശവും വരുത്തുന്നുണ്ട്. കരിങ്കുന്നത്ത് ഇറങ്ങിയ പുലി തൊടുപുഴ ടൗൺ പരിസരം വരെയെത്തി. കൂടും ക്യാമറകളും വച്ചെങ്കിലും രണ്ട് മാസമായിട്ടും രക്ഷയില്ല. ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയിലും. മഴക്കാലത്ത് അടിക്കടി വൈദ്യുതി നിലയ്ക്കുന്ന ഈ പ്രദേശങ്ങളിൽ രാത്രി അത് പുനസ്ഥാപിക്കാൻ പോലും ജീവനക്കാരെ കിട്ടില്ല. ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.

കാടുമായി നേരിട്ട് ബന്ധമുള്ള ഇടങ്ങളില്‍ വന്യജീവി ശല്യം അതിരൂക്ഷമായി തുടരുന്നുവെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് തുറന്നു സമ്മതിച്ചു. വനംവകുപ്പിൻ്റെ ഭാഗത്ത് നിന്ന് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. “നിയമസഭ കൂടുന്ന സമയമാണ്. അത് കഴിഞ്ഞാല്‍ ഉന്നതതല യോഗം വിളിച്ച് നടപടികളെക്കുറിച്ച് ആലോചിക്കും. റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (ആർആർടി) സേവനം ഉറപ്പുവരുത്തും. വയനാട് അടക്കമുള്ള ജില്ലകളില്‍ മൃഗങ്ങള്‍ വന്നും പോയിയും ഇരിക്കുന്ന അവസ്ഥയാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, പാലക്കാട്, ആതിരപ്പള്ളി മേഖല, മലയാറ്റൂര്‍ ഡിവിഷന്‍, കണ്ണൂര്‍ ആറളം ഫാം, എറണാകുളം കോതമംഗലം എന്നിവിടങ്ങളിലെല്ലാം വന്യജീവി ശല്യം രൂക്ഷമാണെന്ന് നിരന്തരം പരാതികൾ വരുന്നുണ്ട്” – മന്ത്രി വിശദീകരിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ബന്ധപ്പെട്ടപ്പോൾ പെരുമാറ്റച്ചട്ടം നീങ്ങിയാലുടൻ ഉന്നതതല യോഗം വിളിക്കുമെന്ന് ആയിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇപ്പോൾ നിയമസഭയാണ് തടസം. അടുത്ത മാസം 25 വരെ സഭ സമ്മേളിക്കുന്നുണ്ട്.

വന്യജീവി ശല്യമുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കൃത്യമായി അറിയാം. ആര്‍ആര്‍ടികളുടെ സേവനം അവിടെ ഉറപ്പുവരുത്തുന്നുണ്ട്- ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ഡി.ജയപ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “തൊടുപുഴ പോലുള്ള ഇടങ്ങളില്‍ പുലിയുടെ ശല്യമുണ്ടെന്ന പരാതി ശ്രദ്ധയിലുണ്ട്. അവിടെ കൂടുകള്‍ സ്ഥാപിക്കുകയും ക്യാമറ വയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അവിടെ നിന്ന് പരാതി വരുന്നില്ല. എന്തായാലും വനംവകുപ്പ് സംഘം തൊടുപുഴയിലെ പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മൂന്നാറിലെ പുലി-കാട്ടാന ശല്യവും നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. അവിടെ മനുഷ്യരുടെ നേര്‍ക്ക് ആക്രമണം ഉണ്ടായിട്ടില്ല. പക്ഷെ അവിടെയും ആര്‍ആര്‍ടികളെ നിയോഗിച്ചിട്ടുണ്ട്.” – ജയപ്രസാദ് വിശദീകരിച്ചു.

അതേസമയം വന്യജീവി പ്രശ്നത്തിൽ സർക്കാരും മന്ത്രിയും നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സജീവമായി ഇടപെടാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി സംസാരിച്ച് ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടികൾ ആവിഷ്കരിക്കുമെന്നും ഡീൻ കുര്യാക്കോസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വന്യജീവികളുടെ എണ്ണം കൂടിയതും കൊടുംവേനലിൽ വനത്തില്‍ ഭക്ഷണവും വെള്ളവും ഇല്ലാതായതുമാണ് കാടിറങ്ങാന്‍ കാരണം. ഇവ കാടിനുള്ളില്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങളാണ് അന്വേഷിക്കേണ്ടത്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നത് വരെ വന്യജീവി-മനുഷ്യ സംഘര്‍ഷം കൂടുതൽ രൂക്ഷമായി തുടരാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top