‘നല്ല ബെസ്റ്റ് ഈസ് ഓഫ് ഡൂയിംഗ്’!!വ്യവസായ മന്ത്രിയുടെ യൂണിയന്‍ പാവം വനിത സംരംഭകയുടെ ഇഷ്ടികചൂള പൂട്ടിച്ച കഥ

സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടതിന്റെ ഭാഗമായി സംരംഭകര്‍ കേരളത്തിലേക്ക് കോടികളുടെ നിക്ഷേപങ്ങളുമായി പാഞ്ഞു വരികയാന്നെന്ന സര്‍ക്കാരും ഭരണമുന്നണിയും അവകാശവാദം ഉന്നയിക്കുമ്പോഴും സ്ഥിതി ഇപ്പോഴും പഴയപടി തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയങ്ങളുടെ ബിസിനസ് പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നൊക്കെ പറഞ്ഞ് സര്‍ക്കാരും വ്യവസായ മന്ത്രിയും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും തൊഴിലാളി സംഘടനകളുടെ മുരാച്ചി സ്വഭാവത്തിന് ഒരു മാറ്റവുമില്ല.
കൂലി വര്‍ദ്ധനയും മുട്ടാപ്പോക്ക് ന്യായങ്ങളും പറഞ്ഞ് പുറത്ത് നിന്നുള്ള ചുമട്ട് തൊഴിലാളി യൂണിയനുകള്‍ പാറശാല ചെങ്കലില്‍ വനിത വ്യവസായിയുടെ ഇഷ്ടിക ചൂള പൂട്ടിച്ചു. എകെടി വയര്‍ കട്ട് ബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുക്കാരിയായ വനിതാ സംരംഭകയ്ക്കാണ് ദുര്‍ഗതി ഉണ്ടായത്. ആദ്യകാലം മുതലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇന്നലെ വൈകിട്ടോടെ രൂക്ഷമായി സ്ഥാപനം പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കേണ്ട നിലയിലേക്ക് എത്തി.
വീട്ടമ്മയും 57 കാരിയുമായ പുഷ്പകുമാരിയും കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഭര്‍ത്താവ് തങ്കപ്പനും ചേര്‍ന്ന് നടത്തിവന്ന ഇഷ്ടികചൂള ചുമട്ടുതൊഴിലാളി യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന സംരംഭമാണ് തൊഴിലാളി ഭീഷണിയെ തുടര്‍ന്ന് പൂട്ടേണ്ടി വന്നത്. സിഐടിയു, ഐഎന്‍ടിയുസി സംഘടനകളില്‍ നിന്നുളള തൊഴിലാളികളാണ് അമിത കൂലി ആവശ്യപ്പെട്ട് പുഷ്പകുമാരിയെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നത്.
ചെങ്കല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പ്രദേശത്ത് ഒരു ദശാബ്ദത്തിലധികമായി 25 ഓളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന സ്ഥാപനമാണിത്. നിയമപരമായിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെയാണ് ഇങ്ങനെ കൊല്ലാകൊല ചെയ്ത് പൂട്ടിച്ചത്. കോടതിയുടെ ഉത്തരവിന് പോലും പുല്ലുവിലയാണ് തൊഴിലാളി യൂണിയനുകള്‍ നല്‍കുന്നത്. ഇത്തരം സംരംഭ സൗഹാര്‍ദ്ദ കാഴ്ച്ചകള്‍ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്
പഴയകട തിരുപുറം സ്വദേശികളായ ദമ്പതികളുടെ ഏക ജീവനോപാധിയാണ് തൊഴിലാളികളുടെ മര്‍ക്കടമുഷ്ടി മൂലം പൂട്ടേണ്ടി വന്നത്. ഇഷ്ടിക ചൂളയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് ഉടമസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ട്രേഡ് യൂണിയന്‍ ഗുണ്ടായിസം തുടര്‍ന്നു. പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ ചുമട്ട് തൊഴിലാളികള്‍ കോടതി ഉത്തരവ് കീറിയെറിഞ്ഞു. പോലീസ് കാഴ്ചക്കാരായി നിന്നു. ഈ ചൊവാഴ്ച പോലും ലോഡ് കയറ്റാന്‍ പുഷ്പകുമാരിയെ അനുവദിച്ചില്ല.
‘1000 ഇഷ്ടികയുള്ള ഒരു ലോഡ് കയറ്റുന്നതിന് ചൂളയിലെ തൊഴിലാളികള്‍ക്ക് 480 രൂപയാണ് നല്‍കുന്നത്. 30 രൂപ ബോണസായും നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള യൂണിയന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ഒരു ലോഡിന് 800 രൂപയാണ്. മിക്കപ്പോഴും ലോഡ് കയറ്റാന്‍ ഇവര്‍ അനുവദിക്കാറില്ല . ലോഡ് കയറ്റാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ പോലും അവര്‍ സഹരിക്കാറില്ല. അവര്‍ക്ക് സൗകര്യമുള്ളപ്പോഴാണ് ലോഡ് കയറ്റാന്‍ വരുന്നത്. ചുമട്ട് തൊഴിലാളികളുടെ ഈ സമീപനം മൂലം മിക്കപ്പോഴും ആവശ്യക്കാര്‍ക്ക് ഇഷ്ടിക കൊടുക്കാനാവുന്നില്ല. മിക്ക ഓര്‍ഡറുകളും നഷ്ടപ്പെട്ടു’ വേദനയോടെ പുഷ്പകുമാരി പറയുന്നു.
അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും പോലീസ് ഒരു സഹായം ചെയ്യുന്നില്ല. ചുമട്ട് തൊഴിലാളികളുടെ ഡിമാന്റ് അംഗീകരിച്ച് മുന്നോട്ട് പോകാനാണ് പോലിസ് പറയുന്നത്. തൊഴിലാളികള്‍ നിരന്തരം തങ്ങളെ ഉപദ്രവിക്കുകയാണെന്നും പുഷ്പകുമാരി പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെ ചൂളയ്ക്ക് ആവശ്യമായ വിറക് ഹൈഡ്രോളിക് സംവിധാനമുള്ള ട്രക്കില്‍ നിന്ന് ബലാല്‍ക്കാരമായി ഇറക്കിയ സംഭവമുണ്ടായി. നിലവിലെ ചട്ടപ്രകാരം ചുമട്ടു തൊഴിലാളികളുടെ പരിധിയില്‍ വരുന്ന സ്ഥാപനമല്ലാഞ്ഞിട്ടും സ്ഥാപനത്തില്‍ കടന്നു കയറി ഗുണ്ടായിസം കാണിക്കുന്നത്.

കേരളത്തില്‍ വ്യവസായരംഗത്ത് വമ്പന്‍നിക്ഷേപത്തിനു വഴിതുറന്ന് ‘ഇന്‍വെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടി സമാപിച്ചിട്ട് ഏതാനും ദിവസമായപ്പോഴാണ് നിക്ഷേപകരെ നിരാശരാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. സംസ്ഥാനത്തെ വ്യവസായങ്ങളുടെ ശവപറമ്പാക്കിയതിന് പിന്നിലെ പ്രധാന കാരണം ട്രേഡ് യൂണിയന്‍ ഭീകരതയാണെന്ന വാദം ഊട്ടി ഉറപ്പിക്കുന്നതാണ് പുഷ്പകുമാരിയുടെ അനുഭവം. രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന വ്യവസായ – നിക്ഷേപ ഉച്ചകോടിയില്‍ 1,52,905 കോടിരൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അവകാശവാദം ഉന്നയിക്കുമ്പോഴാണ് നിസ്സഹായയായ ഒരു സ്ത്രീയുടെ സ്ഥാപനം തൊഴിലാളി ഗുണ്ടായിസത്തെ തുടര്‍ന്ന് പൂട്ടുന്ന നിലയിലായതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here