ബാർകോഴയിൽ അന്വേഷണം മുന്നോട്ടു പോകില്ലെന്ന് ക്രൈംബ്രാഞ്ച്; പ്രാഥമികാന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു

ഈവർഷം പുറത്തുവന്ന രണ്ടാം ബാർകോഴ ആരോപണത്തിന് അടിസ്ഥാനമായത് ബാറുടമകളിൽ ഒരാളുടെ ശബ്ദസന്ദേശമാണ്. ബാറുടമകളുടെ വാട്സാപ്പ് വഴി പ്രചരിച്ച ഇത് വാർത്തയായതോടെ വൻ രാഷ്ട്രിയ വിവാദമായി. ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഐടി പാർക്കുകളിൽ ബാറുകൾ തുടങ്ങാനും അനുമതി നേടിയെടുക്കാൻ സർക്കാരിനോ സിപിഎമ്മിനോ കോഴ നൽകാനുള്ള തുക പിരിക്കാൻ ശ്രമമെന്ന നിലയിൽ വിവാദം വളർന്നതോടെയാണ് എക്സൈസ് മന്ത്രി എംബി രാജേഷ് രംഗത്തെത്തിയത്. ഗൂഡാലോചന ആരോപിച്ച് മന്ത്രി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നതിന് മുൻപ് തന്നെ ബാറുടമകളുടെ സംഘടനാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. കോഴയാരോപണം തള്ളി അവർ വിശദീകരിച്ചത്, പിരിവെടുത്തത് സംഘടനക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ തുക കണ്ടെത്താൻ വേണ്ടിയെന്നാണ്. വിവാദ ശബ്ദസന്ദേശം അയച്ച ബാറുടമ അനിമോനും (ജയകൃഷ്ണൻ) പിന്നീട് ഇതേ വിശദീകരണം പരസ്യമായി ആവർത്തിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തപ്പോഴും ഇതേ നിലപാടിൽ തന്നെ അയാൾ ഉറച്ചുനിന്നു. ഇതോടെയാണ് ആരോപണത്തിന് തെളിവില്ലെന്നും കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നുമുള്ള നിലപാടിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.

തുടർന്ന് ബാറുടമകൾ വിശദീകരിച്ച ആസ്ഥാനമന്ദിര നിർമ്മാണ പദ്ധതിയും അതിനുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു. അതിൽ കണ്ടെത്തിയ വിവരങ്ങൾ നിർണായകമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. തിരുവനന്തപുരം സിറ്റിയിൽ പട്ടത്തിനും പിഎംജിക്കും ഇടയിൽ മെയിൻ റോഡ് സൈഡിലുള്ള ‘കണ്ണായ ഭൂമി’ കെട്ടിടം പണിയാനായി സംഘടന വാങ്ങാൻ തീരുമാനിച്ചതിന് തെളിവുണ്ട്. കച്ചവടം ഉറപ്പിക്കാനായി രണ്ടരക്കോടി രൂപയോളം അഡ്വാൻസ് നൽകി കഴിഞ്ഞിട്ടുണ്ട്. ഒന്നരക്കോടി രൂപ സംഘടനയുടെ ബാങ്ക് അക്കൌണ്ടിലുണ്ട്. ആകെ അഞ്ചുകോടിയുടെ ഇടപാടാണെന്ന് വ്യക്തമാക്കുന്ന മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ബാറുടമകളിൽ നിന്ന് പിരിവെടുത്ത സമയവും, തുകയുടെ കണക്കും ഈ ഭൂമിയിടപാടുമായി ഒത്തുപോകുന്നതാണ് എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ നിഗമനം. അതുകൊണ്ട് തന്നെ കോഴയാരോപണം നിലനിൽക്കില്ല. ഒന്നാമത് കോഴയിടപാട് ആണെന്ന് ആരോപണങ്ങളല്ലാതെ പ്രത്യക്ഷത്തിൽ പരാതിക്കാരില്ല. രണ്ടാമത് സംശയമുണ്ടാക്കിയ ശബ്ദസന്ദേശം അയച്ചയാൾ തന്നെ അത് വിശദീകരിച്ചും കഴിഞ്ഞു. ഈ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് കാണിച്ചാണ് പ്രത്യേക സംഘം ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അതേസമയം ഈ ശബ്ദസന്ദേശം പുറത്തുവന്നതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ പങ്ക് റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. ഭാര്യാപിതാവിൻ്റെ ബാർ ഹോട്ടലിൻ്റെ പ്രതിനിധിയായി അർജുനാണ് ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നാണ് അന്വേഷണസംഘം പറയുന്നത്. അർജുൻ്റെ ഭാര്യ, അവരുടെ അമ്മ തുടങ്ങിയവരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top