വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി ചിഹ്നം മാത്രം; കാരണം വിശദീകരിക്കാനാകില്ലെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: വയനാട്ടിലെ ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണപരിപാടിയില്‍ ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ. പാര്‍ട്ടി ചിഹ്നം മാത്രമാകും ഉപയോഗിക്കുക. ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ആകില്ലെന്നും ഹസന്‍ വ്യക്തമാക്കി. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല. കാരണം ചോദിച്ചാല്‍, ഞങ്ങള്‍ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പതാക ഉപയോഗിക്കുന്നില്ല. അപ്പോള്‍പിന്നെ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ പതാക ഉപയോഗിക്കുന്ന കാര്യത്തില്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ഇത്തവണ പ്രചാരണത്തിന് പതാക വേണ്ട, ചിഹ്നം മതിയെന്നാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പതാക ഉപയോഗിക്കാം. ഞങ്ങള്‍ വയനാട്ടില്‍ കൊടുത്ത നിര്‍ദേശം ഒരു പതാകയും വേണ്ട എന്നാണ്”- എംഎം ഹസന്‍ പറഞ്ഞതിങ്ങനെ.
2019 ൽ വയനാട്ടിൽ ആദ്യമായി മത്സരിക്കാനെത്തിയ വേളയിൽ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ് പതാകക്കൊപ്പം മുസ്ലീം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികളുടെ പതാകകളും പ്രവർത്തകർ കയ്യിലേന്തിയിരുന്നു. രാഹുലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പാകിസ്ഥാൻ പതാക ഉപയോഗിച്ചു എന്നായിരുന്നു ബിജെപി വടക്കേ ഇന്ത്യയിൽ നടത്തിയ പ്രചരണം.
‘ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല’: രാഹുൽ ഗാന്ധിയുടെ വയനാട് റോഡ്‌ഷോയെ പരിഹസിച്ചുകൊണ്ട് അമിത് ഷായും മറ്റും അക്കാലത്ത് പ്രസംഗിച്ചത്. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ബാനറും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാഗമായ ആറ് പാർട്ടികളിൽ ഒന്നായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ (ഐയുഎംഎൽ) പതാകയും ഉൾപ്പെടെ വൻ ജനക്കൂട്ടം വിവിധ പതാകകൾ വീശുന്നതായി റോഡ്ഷോയുടെ ദൃശ്യങ്ങൾ കാണിച്ചു. കേരളത്തിലെ മുന്നണി (യുഡിഎഫ്) രാഹുൽ ഗാന്ധിയുടെ റാലിയിൽ പാക് പതാകകളും ഇസ്‌ലാമിക പതാകകളും വീശിയതായി തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ പച്ചക്കൊടിയുടെ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അമിത് ഷായും ഐയുഎംഎൽ പതാകകളെ പാക്കിസ്ഥാനി അല്ലെങ്കിൽ ഇസ്ലാമിക് പതാകകളായി ചിത്രീകരിക്കുകയാണ്. ബിജെപിയുടെ കടന്നാക്രമണത്തെ വടക്കേ ഇന്ത്യയിൽ കോൺഗ്രസിന് ഫലപ്രദമായി ചെറുക്കാനും കഴിഞ്ഞില്ല.
ബിജെപിയുടെ ഇത്തരം പ്രചരണം നിമിത്തമാണ് രാഹുൽ ഗാന്ധി അമേഠിയയിൽ പരാജയപ്പെടാനിടയായതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഈ അപകടം മനസിലാക്കിയാണ് കോൺഗ്രസ് ഇത്തവണ പ്രചരണ വേളയിൽ പതാകകൾ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചത്.
ഇപ്രാവശ്യം റോഡ് ഷോയിൽ പതാകകൾ ഉപയോഗിക്കാത്തതിനെതിരെ വിമർശനവുമായി വന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമായിരുന്നു. ബിജെപിയെ പേടിച്ചാണ് രാഹുൽ ഗാന്ധി റോഡ് ഷോയിൽ പതാകകൾ ഒഴിവാക്കിയതെന്നായിരുന്നു ആക്ഷേപം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here