മാധ്യമങ്ങളോട് ചൂടായി റിബേഷ്; ‘കാഫിർ സ്ക്രീൻഷോട്ടില്‍’ വിശദീകരണത്തിന് ഇല്ലെന്നും ഡിവൈഎഫ്ഐ നേതാവ്

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വൻ വിവാദമായ വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിഷയത്തിൽ വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. യുഡിഎഫിനെതിരെ വൻ ആരോപണം ഉന്നയിച്ച് പുറത്തുവിട്ട സ്ക്രീന്‍ഷോട്ട് പക്ഷെ, ആദ്യമായി ഷെയർ ചെയ്തവരിൽ ഒരാളെന്ന് കാണിച്ച് പോലീസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലെ പേരുകളിലൊന്ന് റിബേഷിൻ്റേതാണ്.
സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിട്ടില്ലേ എന്ന ചോദ്യത്തോട്, അന്വേഷിച്ച് കണ്ടെത്താനായിരുന്നു ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റായ റിബേഷിൻ്റെ പ്രതികരണം. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമങ്ങൾ ശരിയായ രീതിയിലല്ല റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നതെന്നും റിബേഷ് കുറ്റപ്പെടുത്തി.
ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷ് ഉൾപ്പെടെ സ്ക്രീൻഷോട്ട് നിർമിച്ചവരെ സംരക്ഷിക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും ആദ്യം പ്രതിചേർക്കപ്പെട്ട കാസിം ആരോപിച്ചു. വർഗീയ പ്രചരണം നടത്തിയ റിബേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിച്ച ഏപ്രിൽ 24നാണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റ വാട്സ്ആപ്പ് പോസ്റ്റ് പേരിലായിരുന്നു സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമും ഇടത് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കാഫിറായും ചിത്രീകരിച്ച് കാസിം അടക്കം യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് സിപിഎം വിവാദ സ്‌ക്രീൻ ഷോട്ട് പുറത്തുവിട്ടത്.
ഇതിൻ്റെ പേരിൽ മുഹമ്മദ് കാസിം കൊടുത്ത പരാതിയിലെ പോലീസ് അന്വേഷണമാണ് ഇപ്പോൾ സിപിഎം സൈബർ സംഘങ്ങളിൽ എത്തിനിൽക്കുന്നത്. പരാതിയിൽ ആദ്യം നടപടി സ്വീകരിക്കാൻ മടിച്ച പോലീസ് കാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് ചെയ്തത്. കാസിമിനെ ചോദ്യം ചെയ്ത് ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ല. തുടർന്ന് സ്ക്രീൻഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്ന ഹർജിയുമായി കാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
‘കാഫിര്‍ സ്ക്രീൻ ഷോട്ട്’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ്. പിന്നീട് ഇത് ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here