മമത സർക്കാരിൻ്റെ ‘ഗൺ സല്യൂട്ട്’ വേണ്ട; ബുദ്ധദേവിന്‍റെ അവസാനയാത്രയിലും സിപിഎം- മമത പോര്

അന്തരിച്ച ബുദ്ധദേവ് ഭട്ടാചാര്യക്ക് ആചാരവെടി (ഗൺ സല്യൂട്ട്) ഉൾപ്പെടെയുള്ള സർക്കാർ ഔദ്യോഗിക ചടങ്ങുകൾ ഒന്നും വേണ്ടെന്ന് സിപിഎം. സംസ്ഥാനത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളായ രബീന്ദ്ര സദനിലും നന്ദയിലും ബുദ്ധദേവിൻ്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാം എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എതിർപ്പുമായി പാർട്ടി രംഗത്തെത്തിയത്. ഔദ്യോഗിക ചടങ്ങുകൾ നിരസിച്ച ബുദ്ധദേവിൻ്റെ ഭാര്യ മീര ഭട്ടാചാര്യയും മകൻ സുചേതനും അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്ഥാന നിയമസഭയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായി സി പിഎം വൃത്തങ്ങൾ അറിയിച്ചു.

“ബുദ്ധദേവ് എപ്പോഴും ലളിത ജീവിതത്തിലാണ് വിശ്വസിച്ചിരുന്നത്. ജീവിതത്തിൻ്റെ അവസാന ദിവസം വരെ രണ്ട് മുറികളുള്ള ഫ്ലാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ആഡംബരത്തിൽ അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് എന്തിനാണ് അദ്ദേഹത്തിൻ്റെ അവസാന യാത്രയിൽ ഗൺ സല്യൂട്ട്. അത് ഈ സർക്കാരിൻ്റെ സംസ്കാരമാണ്. ഞങ്ങൾ അതിൽ വിശ്വസിക്കുന്നില്ല” – എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിൻ്റെ പ്രതികരണം.

ബുദ്ധദേവ് ഭട്ടാചാര്യയുടെ നേട്ടങ്ങൾ എപ്പോഴും ഇല്ലാതാക്കാൻ ശ്രമിച്ച വ്യക്തിയാണ് മമത ബാനർജി. അദ്ദേഹം അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചു. അദ്ദേഹത്തെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ചു. അതിനാൽ അവരുടെ വാഗ്ദാനം സ്വീകരിക്കുന്നത് ഭട്ടാചാര്യയ്ക്ക് അപമാനമായിക്കും. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് മമതയുടെ നിർദേശം ഉൾക്കൊള്ളുന്നത് സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.

അതേസമയം, ബുദ്ധദേബ് ഭട്ടാചാര്യയുടെ വസതിബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞയുടൻ സൗത്ത് കൊൽക്കത്തയിലെ പാം അവന്യൂവിലുള്ള രണ്ടുമുറി ഫ്ലാറ്റിലെത്തിയ ആദ്യത്തെ നേതാക്കളിലൊരാളായിരുന്നു മമത. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബുദ്ധദേബെന്നും മരണവാർത്ത കേട്ട് ഉള്ളിൽ ശൂന്യതയാണ് അനുഭവപ്പെടുന്നുവെന്നുമായിരുന്നു അവരുടെ പ്രതികരണം..

”രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും വെവ്വേറെ കാര്യങ്ങളാണ്. രാഷ്ട്രീയവും മനുഷ്യത്വവും രണ്ടാണ്. വലിയ സംഭാവനകൾ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. അതെല്ലാം ചർച്ച ചെയ്യാനുള്ള സ്ഥലമല്ല ഇത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം. ജീവിതകാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. മരണശേഷം ഇതേ ബംഗാളിന്റെ മണ്ണിൽ അദ്ദേഹം പുനർജനിച്ചെങ്കിലെന്ന് പ്രാർത്ഥിച്ചുപോകുകയാണ്.

ഞാൻ ഇവിടെ വരുമ്പോഴെല്ലാം നിരവധി കാര്യങ്ങളെ കുറിച്ചു ചർച്ച നടന്നിരുന്നു. 1992ലെ കലാപകാലം ഓർക്കുന്നുണ്ട്. പെട്ടെന്നു സഹായം തേടി ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കാണ് ഞാൻ ഓടിച്ചെന്നത്. രാഷ്ട്രീയത്തിനതീതമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു. എപ്പോഴും വലിയ പിന്തുണയായിരുന്നു കിട്ടിയത്. രാഷ്ടീയമായ അഭിപ്രായ വ്യത്യാസങ്ങളൊന്നും ഞങ്ങളുടെ വ്യക്തിബന്ധത്തെ ബാധിച്ചിരുന്നില്ല.”- എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവിൻ്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് പറഞ്ഞത്.

ബംഗാളിൽ സിപിഎമ്മിൻ്റെ 34 വർഷത്തെ ഭരണത്തുടർച്ചക്ക് അവസാനം കുറിച്ചത് ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2007ൽ നന്ദിഗ്രാമിൽ നടന്ന വെടിവെയ്പ്പാണ്. കൃഷിഭൂമി വ്യവസായികൾക്ക് പതിച്ചു നൽകാനുള്ള ബുദ്ധദേവ് സർക്കാറിൻ്റെ തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധം വെയ്പ്പിൽ കലാശിച്ചു. സമരക്കാരെ പോലീസ് തോക്കുകൊണ്ട് നേരിട്ടപ്പോൾ 14 ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടാണ് ബംഗാളിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിർണായക രാഷ്ട്രീയ ശക്തികളായി മാറുന്നത്. അന്ന് മുതൽ സിപിഎം ബംഗാളിൽ നേരിട്ട തിരിച്ചടികളിൽ ഇന്നും പാർട്ടിക്ക് കരകയറാനായിട്ടില്ല. മൂന്നര പതിറ്റാണ്ടിനോടടുത്ത് സംസ്ഥാന ഭരണം കയ്യാളിയ സിപിഎം ഇന്ന് നിയമസഭയിലേക്ക് ഒരാളെ പോലും വിജയിപ്പിക്കാൻ കഴിയാതെ വട്ടപൂജ്യമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top