മാര്‍പ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പായി; പോപ്പിന്റെ സന്ദര്‍ശനത്തിന് മൂന്നാല് വര്‍ഷത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമെന്ന് നിയുക്ത കര്‍ദിനാള്‍ കൂവക്കാട്

രാജ്യത്തെ കത്തോലിക്ക സഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആഗോള സഭാ തലവനായ മാര്‍പ്പാപ്പയെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉടനെ ഒന്നും സംഭവിക്കുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം ജൂണില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പം ശരിയാക്കിത്തരാം എന്ന മട്ടില്‍ കേരളത്തിലെ ബിജെപിക്കാരും ഉടന്‍ പോപ്പ് വരും എന്നൊക്കെ ബഡായി പറയാറുണ്ട്. പക്ഷേ, അടുത്ത മൂന്നാല് വര്‍ഷത്തിനിടയില്‍ പോപ്പ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വത്തിക്കാന്‍ വിദേശകാര്യാലയത്തെ ഉദ്ധരിച്ചു കൊണ്ട് വത്തിക്കാന്‍ വക്താവ് പറഞ്ഞത്.

സന്ദര്‍ശനം ഉടനെ ഒന്നുമില്ലെന്ന വാര്‍ത്ത പറഞ്ഞത് മറ്റാരുമല്ല.; പോപ്പിന്റെ വിദേശയാത്രകളുടെ ചുമതലയുള്ള മലയാളിയായ നിയുക്ത കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാളെ (ശനി) വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ബസീലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൂവക്കാട് കര്‍ദ്ദിനാള്‍ പദവിയില്‍ അഭിഷക്തനാവും.

ALSO READ: പോപ്പിന് പുതിയ മേഴ്സിഡസ് ബെൻസ്; പുതുവത്സര സമ്മാനമായി ജി-ക്ലാസ് ഇലക്‌ട്രിക് പോപ്പ് മൊബീൽ

2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ യാത്രകളുടെ ചുമതല വഹിക്കുന്ന ആളാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്. ചങ്ങനാശ്ശേരി സ്വദേശിയാണിദ്ദേഹം.ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികന്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് നിയമിതനാവുന്നത്. ജോര്‍ജ് ജേക്കബ് കൂവക്കാടിനാണ് ഈ അസുലഭ ഭാഗ്യം കൈവന്നിരിക്കുന്നത്.

“സാധാരണ ഗതിയില്‍ ഒരു വിദേശ രാജ്യം പോപ്പ് സന്ദര്‍ശിക്കുന്നതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ യാത്രാ പരിപാടിക്ക് മുന്നൊരുക്കങ്ങള്‍ തയ്യാറാക്കും. പോപ്പ് ഒരു രാജ്യം സന്ദര്‍ശി ക്കുന്നതിന് മുന്നോടിയായി തന്റെ നേതൃത്വത്തിലുള്ള ടീം പ്രസ്തുത രാജ്യം രണ്ടു വട്ടം അവിടെ സന്ദര്‍ശിച്ച് നടപടി ക്രമങ്ങളും സൗകര്യങ്ങളും വിലയിരുത്തും. അതാണ് പതിവ്. ഉടനെ ഒന്നും മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിടയില്ല. അതിനുള്ള യാതൊരു ഒരുക്കങ്ങളും നടക്കുന്നില്ല”. കൂവക്കാട് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 14 ന് ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാന്‍ രാജ്യ തലവന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി തന്നെ എക്‌സില്‍ ( ട്വിറ്റര്‍) കുറിച്ചിരുന്നു. പ്രധാനമന്ത്രി മാര്‍പ്പാപ്പയെ ആലിംഗനം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പോപ്പിന് ഔദ്യോഗികമായി ക്ഷണം നല്‍കാത്തതു കൊണ്ടാവാം സന്ദര്‍ശനത്തിന് കാലതാമസം ഉണ്ടാവുന്നതെന്നാണ് കരുതുന്നത്.

2021 ല്‍ വത്തിക്കാനിലെ അപ്പോസ്തലിക് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വെച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിക്കുകയും സ്വകാര്യ സംഭാഷണങ്ങള്‍ നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്ക ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്കു വരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴായി താല്‍പര്യമറിയിച്ചിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ 2014 മുതല്‍ അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാറുണ്ട്. പക്ഷേ പോപ്പിന് ഔദ്യോഗികമായി ക്ഷണം ലഭിക്കാത്തതു കൊണ്ടാണ് സന്ദര്‍ശനം വൈകുന്നതിന് പ്രധാന കാരണം. ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ കൂടിയായ പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ ആര്‍ എസ് എസിന് താല്‍പര്യമില്ലെന്നാണറിയുന്നത്. ഏറ്റവും ഒടുവില്‍ 1999 ലാണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രസ്താവന വന്നത്. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കുന്നതാവും മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം. ക്രൈസ്ത നേതൃത്വത്തിന്റെ വലിയൊരു ആവശ്യമായിരുന്നു ഇത്. മാര്‍പ്പാപ്പ കേരളം സന്ദര്‍ശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നെല്ലാം സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top