ബില്‍ക്കിസ് ബാനു കേസ് പ്രതികളെ കാണാനില്ല; കീഴടങ്ങലില്‍ ഒരു വിവരവുമില്ലെന്ന് പോലീസ്
ഗുജറാത്ത്: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളുടെ കീഴടങ്ങലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ദഹോദ് പോലീസ് സൂപ്രണ്ട് ബൽറാം മീണ. പ്രതികള്‍ക്ക് ആളുകളുമായി ബന്ധപ്പെടുന്നതില്‍ വിലക്ക് ഇല്ലെന്നും പലരും ബന്ധുക്കളെ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികളെ കാണാനില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പ്രതികള്‍ വീടുവിട്ടിട്ട് ഒരാഴ്ചയ്ക്ക് മുകളിലായെന്നും അവര്‍ എവിടെയെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി. വിധി വരുന്നതിനു മുമ്പുതന്നെ പ്രതികള്‍ വീട് വിട്ടെന്നുമാണ് ചിലരുടെ മൊഴി. എന്നാല്‍, സുപ്രീംകോടതി വിധിയുടെ തലേദിവസം പ്രതികളെ വീടുകളുടെ പരിസരത്ത് കണ്ടിരുന്നതായാണ് കാവലിനു നിര്‍ത്തിയ പോലീസുകാര്‍ പറയുന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ കേസിലെ പതിനൊന്ന് പ്രതികളെ മോചിപ്പിച്ച വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധി വന്ന് രണ്ടാഴ്ചക്കകം തിരികെ ജയിലിലേക്ക് പോകണം എന്നാണ് ഉത്തരവ്. കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് ശിക്ഷാ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലായിരുന്നു വിധി. മഹാരാഷ്ട്രയിലെ കോടതിയിൽ ശിക്ഷിക്കപ്പെട്ടതിനാൽ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ വിധിയുടെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദഹോദ് പോലീസ് സൂപ്രണ്ട് പറഞ്ഞു.
കോടതിയെ കബളിപ്പിച്ചാണ് പ്രതികള്‍ അനുകൂല വിധി നേടിയത്. ശിക്ഷാ ഇളവ് അനുവദിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്കൊപ്പം പ്രവർത്തിച്ചു. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ് 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here