കേരളവർമ തിരഞ്ഞെടുപ്പ്; ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല, എസ്.എഫ്.ഐ സ്ഥാനാർത്ഥിക്ക് സ്ഥാനമേറ്റെടുക്കാം

കൊച്ചി: തൃശൂർ കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയില്ല. റീകൗണ്ടിംഗിലൂടെ ജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് തടയണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ ആവശ്യപ്പെട്ടത്. എന്നാൽ ഇടക്കാല ഉത്തരവിന് വേണ്ട രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും, ഹർജിയിലെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ചെയർമാൻ സ്ഥാനം സംബന്ധിച്ച് തീരുമാനിക്കുകയെന്നും ജസ്റ്റിസ് ടി.ആർ.രവി പറഞ്ഞു. ശ്രീക്കുട്ടന് വേണ്ടി മാത്യു കുഴൽനാടനാണ് ഹാജരായത്.
എസ്.എഫ്.ഐ സ്ഥാനാർത്ഥിയാണ് ഒരു വോട്ടിന് മുന്നിൽ വന്നതെന്ന് കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി ഹാജരായ പ്രതിനിധി അറിയിച്ചു. ജയിച്ചെങ്കിൽ എന്തിനാണ് എസ്.എഫ്.ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. ശ്രീകുട്ടനെ ആദ്യം വിജയിയായി പ്രഖ്യാപിക്കുകയും തുടർന്ന് റീകൗണ്ടിംഗ് നടത്തി ഫലം അടിമറിക്കുകയും ചെയ്‌തെന്നാണ് കുഴൽനാടൻ വാദിച്ചത്. ഇതിനുള്ള രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. വാക്കാലാണ് ഇക്കാര്യം അറിയിച്ചതെന്ന് പറഞ്ഞ കുഴൽനാടൻ, സമൂഹ മാധ്യമത്തിൽ വന്ന പോസ്റ്റുകളുടെ രേഖ ഹാജരാക്കി. എന്നാൽ ഇവ പരിഗണിക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്ക് കോടതി നിർദേശം നൽകി.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ വിധി. അതുവരെ എസ്.എഫ്.ഐ സ്ഥാനാർത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനോ സ്ഥാനമേറ്റെടുക്കുന്നതിനോ തടസമില്ലെന്നും കോടതി വ്യക്തമാക്കി. നവംബർ രണ്ടിനാണ് കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. ഒരു വോട്ടിന് ജയിച്ച കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീകുട്ടനെ റീകൗണ്ടിംഗ് നടത്തി തോൽപ്പിച്ചെന്നാണ് ആരോപണം. കാഴ്ചപരിമിതനാണ് ശ്രീക്കുട്ടൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മന്ത്രി ആർ. ബിന്ദു ഉൾപ്പെടെ നേരിട്ട് ഇടപെട്ടെന്നും പരാതിയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here