ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽപ്പെട്ട് വക്കീല്‍ ഐസിയുവിലെന്ന് ഇസ്കോണ്‍; ഹിന്ദു സന്യാസിക്ക് ജാമ്യമില്ല

ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഹിന്ദു സന്യാസിയും ഇസ്‌കോൺ മുൻ അംഗവുമായ ചിൻമോയ് കൃഷ്ണദാസ് ജയിൽ തുടരും. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ അഭിഭാഷകർ ഹാജരാകാതിരുന്നതാണ് ഹിന്ദു പുരോഹിതന് തിരിച്ചടിയായത്. കൃഷ്ണദാസിന് വേണ്ടി കേസുകളിൽ ഹാജരാകുന്ന അഭിഭാഷകൻ രമൺ റോയ് അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുകയാണ്. സന്യാസിക്ക് വേണ്ടി ഹാജരായാൽ ജനരോഷം നേരിടേണ്ടി വരുമെന്നും ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള ഭയത്തിലാണ് മറ്റ് അഭിഭാഷകരെന്നാണ് റിപ്പോർട്ടുകൾ.
Also Read: ‘മാധ്യമങ്ങൾ നുണയൻമാർ, ഇന്ത്യയിൽ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്
ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസാണ് രമൺ റോയിക്ക് നേരിട്ട അക്രമത്തെപ്പറ്റി വെളിപ്പെടുത്തിയത്. കൃഷ്ണദാസിൻ്റെ കേസുകൾ ഏറ്റെടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ആക്രമണം. ഒരു കൂട്ടം ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിൻ്റെ വീട് ആക്രമിക്കുകയായിരുന്നുവെന്നും രാധാ രമൺദാസ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ അദ്ദേഹം ഇപ്പോൾ ഐസിയുവിൽ ജീവനുവേണ്ടി പോരാടുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകൾ അഗർത്തലയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് ആക്രമിച്ചു. സംഭവത്തെ ഖേദകരം എന്ന് വിശേഷിപ്പിച്ച് ഇന്ത്യ അപലപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കൃഷ്ണദാസ് അറസ്റ്റിലാവുന്നത്. ഒരു പരിപാടിക്കിടയിൽ ബംഗ്ലാദേശ് ദേശിയ പതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇസ്കോൺ മത മൗലീകവാദ സംഘടനയാണ് എന്നാണ് ബംഗ്ലാദേശ് സർക്കാരിൻ്റെ അവകാശവാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here