‘മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല’; സിപിഎം ക്യാപ്‌സ്യൂള്‍ പഴയതുപോലെ ഏല്‍ക്കുന്നില്ല
പാര്‍ട്ടിയും സര്‍ക്കാരും ഉള്‍പ്പെടുന്ന എല്ലാ വിവാദങ്ങളിലും പ്രതിരോധത്തിനായി ഒരു പ്രതികരണം, അത് സിപിഎമ്മിലെ പതിവാണ്. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ വരെ പ്രതികരണങ്ങള്‍ ഒരേ തരത്തിലാക്കാനാണ് ഈ രീതി സിപിഎം അവലംബിക്കുന്നത്. ഇതിനെ ക്യാപ്‌സ്യൂള്‍ എന്ന് എതിര്‍ കക്ഷികകളും സോഷ്യല്‍മീഡിയയും കളിയാക്കാറുമുണ്ട്. സോഷ്യല്‍ മീഡിയില്‍ സജീവമാകണമെന്നും ആവശ്യമുള്ള കമന്റുകള്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ അയച്ച് തരുമെന്നും അറിയിച്ചുള്ള എം.വി.ജയരാജൻ്റെ ഒരു ഓഡിയോ മെസേജ് വാട്സാപ്പിലൂടെ പുറത്തായതാണ് ഈ പ്രയോഗം പോപ്പുലറായതിന് പിന്നിൽ. പല വിവാദങ്ങളിലും ഈ ക്യാപ്‌സ്യൂൾ പ്രയോഗം എഫക്ടീവായി നടപ്പാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുമുണ്ട്.
നിലവിലെ മലപ്പുറം പരാമര്‍ശം ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിന് പിന്നില്‍ പിആര്‍ ഏജന്‍സിയെന്ന വിവാദവും ഇതേ രീതിയിൽ നേരിടാനുള്ള തിരക്കിലാണ് സിപിഎം. മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും ഇമേജിനെ ബാധിക്കുന്ന വിവാദം എങ്ങനെ നേരിടും എന്ന ആലോചനയില്‍ നിന്നാണ് സിപിഎം പുതിയ ക്യാപ്‌സ്യൂളുകൾ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തിന് പിആര്‍ ഏജന്‍സി എന്നതാണ് സിപിഎം ഉയര്‍ത്തുന്ന പ്രതിരോധം. മാധ്യങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും ജനങ്ങളോട് കാര്യങ്ങള്‍ പറയുന്നതിനും മുഖ്യമന്ത്രിക്ക് ഒരു പിആര്‍ഏജന്‍സിയുടേയും ആവശ്യമില്ലെന്നും സിപിഎം പറഞ്ഞുവയ്ക്കുന്നു.
മന്ത്രി മുഹമ്മദ് റിയാസാണ് ആദ്യം ഈ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രിയുടെ പ്രതിരോധത്തിന് എത്തിയത്. പിന്നാലെ മന്ത്രിമാരും സിപിഎം നേതാക്കളുമെല്ലാം ഈ വാദം ശക്തമായി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വാദം ഉയര്‍ത്തുമ്പോള്‍ തന്നെ, ഹിന്ദു ദിനപത്രം പറയുന്നത് നുണയോണോ എന്ന ചോദ്യത്തിന് കൃത്യമായൊരു മറുപടിയില്ല. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ എഴുതി നല്‍കിയ പിആര്‍ ഏജന്‍സിക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതോടെ സിപിഎമ്മിന്റെ ക്യാപ്‌സ്യൂള്‍ പൊളിയുകയാണെന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്.
കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്ന സുനിൽ കനഗോലുവിൻ്റെ പേര് ഉയര്‍ത്തിക്കാട്ടി നിലവിലെ വിവാദങ്ങളെ നേരിടാനും മന്ത്രി റിയാസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനായി കനഗോലു ഇവിടെ വന്ന് പിആര്‍ ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വിഡി സതീശനും എങ്ങനെ ഇരിക്കണം, ചിരിക്കണം എന്നൊക്കെ തീരുമാനിച്ചപ്പോള്‍ ആരും ചര്‍ച്ച ചെയ്തില്ലെന്നും റിയാസ് പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും ഒരു പിആര്‍ ടീം ഉണ്ടെന്ന് സമ്മതിക്കാന്‍ റിയാസ് തയാറായില്ല.
ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നതെന്ന ഗൗരവകരമായ ആരോപണവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറയാതെയാണ് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം പിആര്‍ ഏജന്‍സി എഴുതിക്കൊടുത്തതെങ്കില്‍ അവർക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തെങ്കില്‍ അവര്‍ ക്രിമിനല്‍ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുകയാണ്.
മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദു ദിനപത്രത്തിന് കത്തയച്ചത്. മുഖ്യമന്ത്രി അഭിമുഖത്തില്‍ പറയാത്ത മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിഷയം ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രസ് സെക്രട്ടറി കത്ത് നല്‍കിയത്. ഇതിനുപിന്നാലെ ദ ഹിന്ദു ഖേദപ്രകടനം നടത്തുകയാണ് ഉണ്ടായതെങ്കിലും ഇതിലൂടെയാണ് പിആർ ഏജൻസിയുടെ പങ്ക് പത്രം തുറന്നുപറഞ്ഞത്. അഭിമുഖത്തിനായി പിആര്‍ ഏജന്‍സി പത്രത്തെ സമീപിക്കുകയായിരുന്നു എന്ന കാര്യവും പത്രം വെളിപ്പെടുത്തി. ഇതോടെയാണ് മലപ്പുറം പരാമര്‍ശത്തിനൊപ്പം മുഖ്യമന്ത്രിക്കായി പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നവെന്ന വിമര്‍ശനവും ശക്തമായത്.
നിലവിലെ പിആര്‍ വിവാദങ്ങളില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഒരു പ്രതികരണം നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. ഇതില്‍ വ്യക്തത വരുത്തേണ്ടവരുടെ മൗനമാണ് ഈ വിവാദം ആളി കത്തിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here