പുതിയ നിപ്പ കേസുകളില്ല; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച ഏഴു സാമ്പിളുകളുടെയും ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു. പുതിയ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്ന് സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇൻഡക്‌സ് കേസിന്റെ സമ്പർക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരെ പട്ടികയിൽ നിന്നും ഒഴിവാക്കി.
നിപാ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 49 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 437 പേരാണുള്ളത്. കോൾ സെന്ററിൽ വെള്ളിയാഴ്ച 20 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,283 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here