യാസർ അരാഫത്തിനെ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്, പലസ്തീനെപ്പറ്റി തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടാ: ശശി തരൂർ
തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരത്ത് നടന്ന കെപിസിസിയുടെ ജവഹർലാൽ നെഹ്രു അനുസ്മരണ പരിപാടിയിലാണ് സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി ശശി തരൂർ, എ.കെ.ആൻ്റണി, എം.എം.ഹസൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. പലസ്തീൻ വിഷയത്തിൽ തന്നെ നിലപാട് പഠിപ്പിക്കാൻ ആരും വരേണ്ടായെന്ന് ശശി തരൂർ പറഞ്ഞു. തൻ്റെയും പാർട്ടിയുടെയും നിലപാട് ഒന്നാണ്. സോണിയാ ഗാന്ധി കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പലസ്തീൻ്റെ പേരിൽ തർക്കിക്കാനുള്ള സമയമല്ല. പലസ്തീൻ വിഷയം കേരളത്തിൻ്റെ പ്രശ്നമല്ലെന്നും അത് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇസ്രയേലിയേയും പലസ്തീനിലെയും ജനങ്ങൾക്ക് സമാധാനത്തോടെ കഴിയാനുള്ള അവകാശമുണ്ടെന്ന സോണിയാ ഗാന്ധിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് ഇന്ന് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
“എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. പാർട്ടിയുടെ നിലപാട് എൻ്റെ പ്രസംഗം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം സോണിയാ ഗാന്ധി ലേഖനത്തിലൂടെ വ്യക്തമാക്കി. ഞാൻ പറഞ്ഞത് തന്നെയാണ് അവരും എഴുതിയത്. ഞാൻ പറഞ്ഞതിനേക്കാൾ കൂടുതൽ വിശദമായിട്ടാണ് അവർ എഴുതിയിരിക്കുന്നത്. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഗ്രസിൻ്റെ നിലപാടുകളെപ്പറ്റി ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അത് വായിച്ചാൽ മതി. ഞാൻ പ്രസംഗിച്ചതും അവർ എഴുതിയതും ഞങ്ങൾ അപ്പോഴും ഇപ്പോഴും എന്നും എല്ലായിപ്പോഴും പലസ്തീനിലെ ജനങ്ങൾക്കൊപ്പമാണ് എന്നാണ്. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നാണ് കോൺഗ്രസ് നിലപാട്. പലസ്തീനെ ഒരു രാജ്യമായി ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ്. പലസ്തീൻ വിഷയത്തെപ്പറ്റി എന്നെയാരും പഠിപ്പിക്കാന്‍വേണ്ടി വരേണ്ടാ. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടൽ നടത്തിയ വ്യക്തിയാണ് ഞാൻ. യാസർ അരാഫത്തിനെ മൂന്നാല് തവണ നേരിട്ട് കണാൻ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നിലപാടുകളെപ്പറ്റി നേരിട്ടറിയാം. ഞാൻ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് പലസ്തീനിൽ പോകുകയും യാസർ അരാഫത്തുമായും ഇന്ത്യൻ അംബാസിഡറുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അരാഫത്തിൻ്റെ ശവകൂടിരത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യമർപ്പിച്ചയാളാണ് ഞാൻ. അതുകൊണ്ട് പലസ്തീൻ വിഷയം എന്താണെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടാ. ആ തർക്കത്തിനുള്ള സമയമല്ലിത്. ഇത് കേരള രാഷ്ട്രീയത്തിൻ്റെ പ്രശ്നമല്ല. അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യേണ്ട മനുഷ്യാവകാശ വിഷയമാണ്”- തൻ്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി തരൂർ പറഞ്ഞു.
പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്ന് ചടങ്ങിൽ സംസാരിച്ച എ.കെ. ആൻ്റണി വ്യക്തമാക്കി. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട അവസ്ഥ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജവഹർലാൽ നെഹ്രു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്ന പോലെ ഇന്ത്യയും തകർച്ച നേരിടുമായിരുന്നെന്ന് എ.കെ. ആന്റണി പറഞ്ഞു.
ഇറാഖ് യുദ്ധത്തിൽ ഇഎംഎസ് നേടിയെടുത്ത രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയൻ്റെ പലസ്തീൻ വിഷയത്തിലെ ഇടപെടലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനെ പിന്തുണയ്ക്കുന്നതാണ്. കോൺഗ്രസിന് നിലപാടില്ലെന്ന് വിമർശിക്കുന്ന മുഖ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവന കണ്ടില്ലേ. ഉക്രൈനിൽ മരിക്കുന്നവർക്ക് വേണ്ടി മാർക്സിസ്റ്റ് പാർട്ടി റാലി നടത്തിയിട്ടില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here