ഒടുവിൽ മമ്മൂട്ടിയും; മലയാള സിനിമയിൽ പവർഗ്രൂപ്പുകളില്ലെന്ന് പ്രതികരണം

മലയാള സിനിമയെ ആകെയുലച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് നടൻ മമ്മൂട്ടി. മലയാള സിനിമയിൽ പവർഗ്രൂപ്പുകളിൽ ഇല്ലെന്നാണ്പ്രതികരണം ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് വിഷയത്തിൽ ആദ്യമായി നടൻ പ്രതികരിച്ചിരിക്കുന്നത്. റിപ്പോർട്ട് മുന്നോട്ടുവച്ച നിർദേശങ്ങളെയും പരിഹാരങ്ങളെയും സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറിച്ചു. അവ നടപ്പാക്കാൻ എല്ലാ ചലച്ചിത്ര മേഖലയിലെ സംഘടനകളും കൈകോർക്കേണ്ട സമയമാണിതെന്നും മമ്മൂട്ടി അഭിപ്രായപെട്ടു.

റിപ്പോർട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. സംഘടനയുടെ പ്രതികരണം വന്നശേഷം നിലപാട് വ്യക്തമാക്കാമെന്ന് കരുതി. അതാണ് സംഘടനാ രീതി. അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം താരസംഘനയായ ‘അമ്മ’യുടെ മുൻ പ്രസിഡൻ്റ് മോഹൻലാലും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. റിപ്പോർട്ട് പരസ്യമാക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഇരുവരും തുടരുന്ന മൗനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനും ജോയിൻ്റ് സെക്രട്ടറിയായിരുന്ന ബാബുരാജിനും എതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചുവിടുകയും അധ്യക്ഷ സ്ഥാനം മോഹൻലാൽ രാജിവയ്ക്കുകയും ചെയ്തിരുന്നു.

താൻ എങ്ങോട്ടേക്കും ഒളിച്ചോടി പോയിട്ടില്ലെന്നും കേരളത്തിൽ ഇല്ലാത്തതിനാലാണ് പ്രതികരിക്കാൻ വൈകിയത് എന്നുമായിരുന്നു മോഹൻലാലിൻ്റെ പ്രതികരണം. മലയാള സിനിമാ വ്യവസായം തകരുന്ന അവസ്ഥയാണുള്ളത്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മേഖലയെ കൈപിടിച്ചുയർത്തുന്ന കാര്യങ്ങൾ സംസാരിക്കാം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ശുപാർശകൾ സിനിമാ വ്യവസാസായത്തിൻ്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്.

ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top